കൊച്ചി> മുപ്പത്തിയേഴ് വർഷത്തിനുശേഷം കൊച്ചിയിലേക്ക് എത്തുന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ആവേശക്കൊടിയേറ്റമാണ് ജില്ലയാകെ. 23–-ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന് കൊച്ചി ആഥിത്യമരുളുന്ന ചരിത്രമുഹൂർത്തത്തിലേക്ക് കണ്ണും കാതും കൂർപ്പിച്ചുകഴിഞ്ഞു നാടും നഗരവും. മാർച്ച് ഒന്നുമുതൽ നാലുവരെ ബോൾഗാട്ടി കൺവൻഷൻ സെന്ററിലാണ് സമ്മേളനം.
ബ്രാഞ്ചുതലംവരെ സംഘാടകസമിതികൾ രൂപീകരിച്ച് പുതുമയാർന്ന പ്രചാരണപരിപാടികൾ സംഘടിപ്പിക്കുന്ന തിരക്കിലാണ് പ്രവർത്തകർ. രക്തസാക്ഷികളെയും ആദ്യകാല നേതാക്കളെയും സമരസഖാക്കളെയും അനുസ്മരിച്ച് സ്മൃതികുടീരങ്ങളും കമാനങ്ങളും നാടാകെ ഉയർന്നുകഴിഞ്ഞു. എവിടെയും കൊടി തോരണങ്ങളുടെ ചുവപ്പ്. കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിൽ നടന്ന ചെറുതും വലുതുമായ എണ്ണമറ്റ പോരാട്ടങ്ങളുടെ ചരിത്രം നിറച്ച് ചുവരെഴുത്തുകൾ. നാടിന്റെ രാഷ്ട്രീയ, സാംസ്കാരിക ചരിത്രത്തിന്റെ നാൾവഴികളെ ഓർമപ്പെടുത്തി പാതയോരങ്ങൾ നീളെ കലോപഹാരങ്ങളുടെ കാഴ്ചവിരുന്ന്. ചോപ്പു ചന്തംപേറി നാട്ടുകവലകൾ. പ്രചാരണ സാമഗ്രികളിൽ പ്ലാസ്റ്റിക്കും ഫ്ലക്സും തീരെയില്ല. പ്രാദേശിക കലാകാരന്മാരും ബഹുജനങ്ങളുമാണ് പ്രചാരണപ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്നത്. *സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി രാജീവ് ചെയർമാനും ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ജനറൽ സെക്രട്ടറിയുമായ സ്വാഗതസംഘത്തിന്റെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയാകുന്നത്. വിവിധ സബ്കമ്മിറ്റികൾ രൂപീകരിച്ചാണ് തയ്യാറെടുപ്പ്.
പന്ത്രണ്ടാം പാർടി കോൺഗ്രസിന് മുന്നോടിയായി 1985ലാണ് കൊച്ചി ഇതിനുമുമ്പ് സംസ്ഥാനസമ്മേളനത്തിന് വേദിയായിട്ടുള്ളത്. നവംബർ 20 മുതൽ 24 വരെ നടന്ന സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയർമാനായിരുന്നത് എം എം ലോറൻസ്. എറണാകുളം ടൗൺഹാളിലെ എൻ ശ്രീധരൻ നഗറിൽ ജനറൽ സെക്രട്ടറി ഇ എം എസ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം ചേർന്ന മണപ്പാട്ടിപ്പറമ്പിലെ പി സുന്ദരയ്യ നഗറിൽ സമ്മേളന പതാക ഉയർത്തിയത് മുതിർന്ന അംഗം കേളു ഏട്ടൻ. കഥകളി ഉൾപ്പെടെ കലാപരിപാടികൾക്ക് വേദിയായത് ഫൈനാർട്സ് ഹാൾ. നഗരത്തിലെ ഏഴു കേന്ദ്രങ്ങളിൽനിന്നായിരുന്നു വനിതാ വളന്റിയർ മാർച്ച് ഉൾപ്പെടെ പതിനായിരങ്ങൾ പങ്കെടുത്ത സമാപനറാലി. വി എസ് അച്യുതാന്ദനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്ത സമ്മേളനത്തിൽ പൊളിറ്റ്ബ്യൂറോ അംഗങ്ങളായ ബസവപുന്നയ്യ, ഇ ബാലാനന്ദൻ, ബി ടി രണദിവെ തുടങ്ങിയ നേതാക്കളും പങ്കെടുത്തു.