എന്നാഖേഡ മസ്താൻ (പടിഞ്ഞാറൻ യുപി)> മീറത്ത് സഹരൻപ്പുർ റോഡിൽ ഷാംലിക്ക് മുമ്പായുള്ള ഖേഡ മസ്താൻ ഗ്രാമത്തിൽ എത്തുമ്പോൾ ഇരുട്ടുവീണ് തുടങ്ങി. ചെങ്കല്ല് പാകിയ വൃത്തിയുള്ള ഗ്രാമവഴികൾ. കൊയ്യാൻ പാകമായ കരിമ്പ് പാടങ്ങൾ. പകലധ്വാനം കഴിഞ്ഞ് നാട്ടുവിശേഷം പങ്കിടുന്ന ചെറുസംഘത്തെ സമീപിച്ചു. സുനിൽ മല്ലിക്കും വികാസും വേദ്പാൽ സിങ്ങും. ജാട്ടുകളാണ്.
ഇക്കുറി ‘ഗഡ്ബന്ധൻ’ (എസ്പി–- ആർഎൽഡി സഖ്യം) തന്നെയെന്ന് മൂന്ന് പേരും. കലാപം ഓർമിപ്പിച്ചും മതം പറഞ്ഞുമാണ് ബിജെപി വോട്ടുപിടിക്കുന്നത്. ആ തന്ത്രം ഇനി വിജയിക്കില്ല. കർഷകരെ അപമാനിച്ച പാർടിയാണത്. യോഗി സർക്കാർ പൂർണ പരാജയമാണ്. –- മല്ലിക്ക് വിവരിച്ചു. കലാപ സാഹചര്യമൊക്കെ മാറിയോ എന്ന ചോദ്യത്തിന് എല്ലാവരും ഇപ്പോൾ സൗഹാർദ്ദത്തിലെന്ന് മറുപടി. പലായനം ചെയ്തവർ മടങ്ങിവരണമെന്ന അഭ്യർഥനയും.
പ്രക്ഷോഭത്താല് ഐക്യപ്പെട്ടവര്
ഖേഡ മസ്താനിലേക്ക് കടക്കും മുമ്പ് പാടത്ത് ജോലിയിലേർപ്പെട്ട മൂന്ന് കർഷക സഹോദരങ്ങളെ കണ്ടു. ബാബു ഹസ്സനും അക്ബർ അലിയും താഹിർ അലവും. ബിഎസ്പിയും കോൺഗ്രസുമൊക്കെയുണ്ടെങ്കിലും വോട്ട് ഗഡ്ബന്ദൻ സ്ഥാനാർഥിക്കെന്ന് മൂന്നുപേരും പറഞ്ഞു. കലാപമുറിവുകൾ ഉണങ്ങിയെന്നും ജാട്ടുകളുമായുള്ള അകൽച്ച മാറിയെന്നും ഹസ്സൻ വിശദീകരിച്ചു.
2013ലെ മുസഫർനഗർ കലാപം ഖേഡ മസ്താനിലും ആളിപ്പടർന്നിരുന്നു. ഗ്രാമത്തിലെ ആയിരത്തോളം ന്യൂനപക്ഷങ്ങളിൽ പകുതിയും പലായനം ചെയ്തു. എട്ട് വർഷം പിന്നിട്ടിട്ടും ഇവരിൽ ഭൂരിഭാഗവും തിരിച്ചെത്തിയിട്ടില്ല. വിവിധ മത–- ജാതി വിഭാഗങ്ങൾ തലമുറകളായി സൗഹാർദ്ദത്തോടെ കഴിഞ്ഞ മേഖലയായിരുന്നു ഖേഡ മസ്താൻ. സംഘപരിവാർ ആസൂത്രണം ചെയ്ത കലാപം ഈ ഐക്യത്തെ കൂടിയാണ് തകർത്തത്. എന്നാൽ മത–- സാമുദായിക സൗഹാർദ്ദ വഴിയിലേക്ക് ഖേഡ മസ്താൻ അടക്കമുള്ള ഗ്രാമങ്ങളെ കർഷകസമരം തിരിച്ചെത്തിച്ചു.
ഖേഡ മസ്താൻ ഉൾപ്പെടുന്ന ബുധാനയിൽ സിറ്റിങ് എംഎൽഎ ഉമേശ് മല്ലിക്കാണ് ബിജെപി സ്ഥാനാർഥി. ആർഎൽഡിയുടെ രാജ്പാൽ ബല്യാന് മുഖ്യഎതിരാളി. ബിഎസ്പിയുടെ ഹാജി മുഹമദ് അനീസും കോൺഗ്രസിന്റെ ദേവേന്ദ്ര കാശ്യപും മൽസരരംഗത്തുണ്ട്.