ന്യൂഡൽഹി> പഞ്ചാബിൽ ചരൺജിത്സിങ് ചന്നിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിൽ നവ്ജ്യോത്സിങ് സിദ്ദുവും അനുയായികളും കടുത്ത അമർഷത്തിൽ. കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിന് വഴങ്ങിയതായി ഭാവിക്കുന്നെങ്കിലും ചന്നിയെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് സിദ്ദുവും കൂട്ടരും.
കോൺഗ്രസിന് 60 സീറ്റ് കിട്ടിയില്ലെങ്കിൽ മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് പ്രസക്തി എന്തെന്ന്– സിദ്ദു ദേശീയചാനലിൽ പ്രതികരിച്ചു. ഫലം വരുന്നതിനുമുമ്പ് മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത് ‘കുതിരയ്ക്ക് മുന്നിൽ വണ്ടി കെട്ടുന്ന ഏർപ്പാടാണെന്നും’ തുറന്നടിച്ചു. ജയസാധ്യതയിൽ സംശയമുണ്ടോയെന്ന ചോദ്യത്തിന് – ‘രാഷ്ട്രീയത്തിൽ ഒന്നും പ്രവചിക്കാൻ പറ്റില്ല’ –എന്നായിരുന്നു മറുപടി.
ആര് മുഖ്യമന്ത്രിയായാലും സിദ്ദുവാണ് നായകനെന്നും എന്നാൽ, അനുയോജ്യൻ സിദ്ദുവാണെന്നും അദ്ദേഹത്തിന്റെ ഭാര്യ നവ്ജോത് കൗർ തുറന്നടിച്ചു. ദരിദ്രപശ്ചാത്തലത്തിൽ നിന്നുള്ള വ്യക്തിയാണെന്ന് ചന്നി കോൺഗ്രസ് നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചെന്ന ഗുരുതര ആരോപണവും അവർ ഉന്നയിച്ചു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ആരുടെ പക്ഷം ചേരണമെന്ന ആശയക്കുഴപ്പത്തിലാണ് സംസ്ഥാന കോൺഗ്രസ് നേതാക്കൾ. അമൃത്സർ ഈസ്റ്റിൽ ശിരോമണി അകാലി ദളിന്റെ കരുത്തൻ ബിക്രംസിങ് മജീതിയയാണ് സിദ്ദുവിന്റെ എതിരാളി.