ന്യൂഡൽഹി> രാജ്യത്തെ കോവിഡ് പരിശോധനാ നിരക്കുകൾ ഏകീകരിക്കണമെന്ന് ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ ആവശ്യപ്പെട്ടു. എല്ലാ വിമാനത്താവളങ്ങളിലും ആർടിപിസിആറിന് ന്യായമായ ഏകീകൃത നിരക്ക് ബാധകമാക്കാൻ വേണ്ട ചട്ടം കൊണ്ടുവരണം. സംസ്ഥാന സർക്കാരുകൾ നടത്തുന്ന വിമാനത്താവളങ്ങളിലേതിന്റെ ഇരട്ടിയിലേറെയാണ് സ്വകാര്യമേഖല വിമാനത്താവളങ്ങളിൽ ഈടാക്കുന്നത്. സ്വകാര്യ എയർപോർട്ട് ഓപ്പറേറ്റർമാർ ടെസ്റ്റിങ് ഏജൻസികളിൽ നിന്ന് 30 മുതൽ 35 ശതമാനംവരെ വരുമാന വിഹിതം പങ്കിടുന്നുവെന്ന ആക്ഷേപമുണ്ടെന്നും ബ്രിട്ടാസ് ശൂന്യവേളയിൽ ചൂണ്ടിക്കാട്ടി.
മറ്റുരാജ്യങ്ങളിലെപ്പോലെ ഇന്ത്യയിലെമ്പാടും നിരക്ക് കുറവ് വരുത്തി ഏകീകരിക്കാനോ സൗജന്യമാക്കാനോ തയ്യാറുണ്ടോയെന്ന് ചോദ്യോത്തരവേളയിൽ അദ്ദേഹം ആരാഞ്ഞു. പിഎം കെയർ ഫണ്ടിന്റെ മൂന്നിൽ രണ്ട് ഭാഗവും വിനിയോഗിക്കാത്ത സാഹചര്യത്തിൽ ഈ തുക പരിശോധന സൗജന്യമാക്കാന് ചെലവഴിക്കാൻ സർക്കാർ തയ്യാറാണോ എന്നും ബ്രിട്ടാസ് ആരാഞ്ഞു. കൃത്യമായ മറുപടി നൽകാന് ആരോഗ്യമന്ത്രി തയാറായില്ല.