ജനീവ> ലോകത്ത് ഒമിക്രോൺ തരംഗം ശമിച്ചുതുടങ്ങിയെങ്കിലും ആശ്വസിക്കാറായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. അടുത്തതായി വരുന്ന കോവിഡ് വകഭേദം ഒമിക്രോണിനേക്കാൾ വ്യാപനശേഷിയുള്ളതും മാരകവുമാകാൻ സാധ്യതയെന്നും ലോകാരോഗ്യസംഘടന കോവിഡ് –-19 സാങ്കേതിക സംഘം മേധാവി ഡോ. മരിയ വാൻ കെർഖോവ് പറഞ്ഞു.
വുഹാനിൽ ആദ്യം കണ്ടെത്തിയ വൈറസിനേക്കാൾ 50 ശതമാനം വ്യാപനശേഷി കൂടുതലുള്ളതായിരുന്നു ആൽഫ വകഭേദം. അതിനെക്കാൾ 50 ശതമാനം വ്യാപനശേഷിയുള്ള ഡെൽറ്റയെയും മറികടന്നാണ് ഒമിക്രോൺ ലോകമെങ്ങും പടർന്നത്.
ഒമിക്രോണിനെയും മറികടക്കാൻ ശേഷിയുള്ളതാകും അടുത്തതായി വരാൻ പോകുന്ന വകഭേദങ്ങൾ. നിലവിൽ ലോകത്തെ കോവിഡ് വ്യാപനത്തിൽ 97 ശതമാനവും ഒമിക്രോൺ കാരണമാണ്. നാല് രൂപാന്തരങ്ങളെയാണ് ‘ഒമിക്രോൺ’ എന്ന പൊതു പേരിൽ ഡബ്ല്യുഎച്ച്ഒ നിലവിൽ നിരീക്ഷിക്കുന്നത്. ഇതിൽ ‘ബിഎ.2’ മറ്റുള്ളവയെക്കാൾ വ്യാപനശേഷി കൂടിയതാണ്. ജനുവരി 31 മുതലുള്ള ഒരാഴ്ചക്കാലം ലോകത്ത് കോവിഡ് വ്യാപനത്തിൽ 17 ശതമാനം കുറവുണ്ടായി. എന്നാൽ, മരണം ഏഴുശതമാനം കൂടിയതായും ഡോ. മരിയ പറഞ്ഞു.