മംഗളൂരു> ദേശീയ പതാകയായി കാവിക്കൊടി മാറുന്ന കാലം വിദൂരമല്ലെന്ന് കർണാടക പഞ്ചായത്ത് രാജ് മന്ത്രി കെ എസ് ഈശ്വരപ്പ. എല്ലായിടത്തും കാവി പതാക ഉയർത്തും. ഇന്ത്യ ഹിന്ദു രാജ്യമായി മാറുമെന്നും ഈശ്വരപ്പ പറഞ്ഞു. ശിവമോഗയിൽ ദേശീയ പതാക ഉയർത്തുന്ന കൊടിമരത്തിൽ, സംഘപരിവാറുകാർ കാവിക്കൊടി ഉയർത്തിയ സംഭവത്തിലാണ് പ്രസ്താവന. ‘നൂറ്റാണ്ടുകൾ മുമ്പ് രാമനും ഹനുമാനുമൊക്കെ അവരുടെ രഥത്തിൽ കാവി പതാക ഉപയോഗിച്ചിരുന്നില്ലേ.
ഭാവിയിലും അത് സംഭവിക്കില്ലെന്ന് ആർക്കറിയാം. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന് പറഞ്ഞപ്പോൾ ഞങ്ങളെ നോക്കി ചിരിച്ചു. അത് ഇപ്പോൾ സാധ്യമാക്കിയില്ലെ’ഈശ്വരപ്പ ചോദിച്ചു. എന്നാൽ, ത്രിവർണ പതാകയാണ് ഇപ്പോൾ ദേശീയ പതാകയെന്നും അതിനെ ബഹുമാനിക്കാത്തവർ രാജ്യദ്രോഹികളാണെന്നും ഈശ്വരപ്പ പറഞ്ഞു.