കവളങ്ങാട് > തിരുവിതാംകൂർ മഹാറാണിയായിരുന്ന റാണി ലക്ഷ്മിഭായി 1935ൽ സ്ഥാപിച്ച ഫലകം ‘റാണിക്കല്ല്’ അവഗണനയിൽ. കേരളത്തിലെ രാജഭരണകാലത്തിന്റെ ഓർമപ്പെടുത്തലുകളിലൊന്നായ റാണിക്കല്ലും പരിസരവും വിനോദസഞ്ചാരികളെ ആകർഷിക്കുന്നതരത്തിലാക്കാൻ നടപടിയെടുക്കണമെന്ന ആവശ്യത്തിനും പഴക്കമേറെ.
കൊച്ചി––ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം പാലത്തിനുസമീപമാണ് രാജഭരണകാലത്തിന്റെ അടയാളപ്പെടുത്തലായി റാണിക്കല്ല് സ്ഥാപിച്ചത്. എന്നാൽ, ഈ ശിലാഫലകം ഹൈറേഞ്ചിലേക്കെത്തുന്നവരുടെ ശ്രദ്ധയിൽപ്പെടാറില്ല. റാണിക്കല്ലിന്റെ ചരിത്രം ഓർമപ്പെടുത്താനോ അറിയിക്കാനോ സൂചനകൾ പ്രദേശത്തില്ലാത്തതാണ് ഫലകം ശ്രദ്ധിക്കപ്പെടാതെ പോകാൻ കാരണം.
1924ലെ വെള്ളപ്പൊക്കത്തിൽ മൂന്നാറിലേക്കുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചപ്പോഴാണ് നേര്യമംഗലംവഴി പാത വെട്ടിയത്. കൊല്ലവർഷം 1103 തുലാംമാസത്തിൽ റോഡ് നിർമാണം ആരംഭിച്ചു. 1106 മീനമാസത്തിൽ റോഡ് പൊതുജനങ്ങൾക്കായി തുറക്കുകയും ചെയ്തു. നേര്യമംഗലത്തുനിന്ന് മൂന്നാറിലേക്കുള്ള റോഡുനിർമാണത്തിന്റെ സ്മരണാർഥമാണ് 1935ൽ റാണി ലക്ഷ്മിഭായി ഇവിടെ ഫലകം സ്ഥാപിച്ചത്. റാണിക്കല്ലിനുസമീപം വാഹനങ്ങൾ നിർത്താനും ചിത്രങ്ങൾ പകർത്താനും വേണ്ടുവോളം സ്ഥലമുണ്ടെങ്കിലും ഇടത്താവളമോ ഉദ്യാനമോ സ്ഥാപിച്ചാൽ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികൾക്ക് പുതിയൊരു അനുഭവവും അറിവുമാകും.
മാലിന്യം തള്ളൽ വിലക്കി ഇവിടെ ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും യാത്രക്കാർ മാലിന്യം വലിച്ചെറിയുന്നതും പതിവാണ്. പോയകാലത്തിന്റെ ഓർമകൾ പുതുതലമുറയ്ക്ക് പകർന്നുനൽകാനെങ്കിലും റാണിക്കല്ലിന് അർഹമായ പരിഗണന നൽകി സംരക്ഷിക്കണമെന്നാണ് ആവശ്യം.