മലപ്പുറം > റിസർവേഷൻ ടിക്കറ്റുകളിൽ തീയതിയും ട്രെയിനും മാറ്റാനുള്ള സൗകര്യമുൾപ്പെടെ നിർത്തി റെയിൽവേയുടെ പകൽക്കൊള്ള. അർബുദ രോഗികളെ ഉൾപ്പെടെ ഇത് പ്രതികൂലമായി ബാധിക്കും.
റിസർവേഷൻ ടിക്കറ്റുകളിൽ യാത്ര പുറപ്പെടുന്ന ഒരുദിവസം മുമ്പുവരെ തീയതിയും ട്രെയിനും മാറ്റാമായിരുന്നു. ബുക്ക്ചെയ്ത റൂട്ടിലെ മറ്റൊരു ട്രെയിനിൽ സമാന ക്ലാസിലേക്ക് മാറാൻ 20 രൂപ നൽകിയാൽ മതി.
ഇത് എടുത്തുകളഞ്ഞതോടെ 120 രൂപ ക്യാൻസലേഷൻ ചാർജിനത്തിൽ ഒരു ടിക്കറ്റിൽ 100 രൂപ റെയിൽവേക്ക് ലാഭം. തിരുവനന്തപുരം ആർസിസിയിൽ ഉൾപ്പെടെ ചികിത്സതേടുന്ന അർബുദരോഗികൾക്ക് ഇരുട്ടടിയാണ് പരിഷ്കാരം. നിലവിൽ ഇവർക്ക് ടിക്കറ്റ് ചാർജ് ഇല്ല. റിസർവേഷൻ ചാർജിനത്തിൽ 20 രൂപമതി. കൂട്ടിരിപ്പുകാരന് 25 ശതമാനം യാത്രാതുകയും റിസർവേഷൻ ചാർജും. ഇതിന് ഡോക്ടർ സാക്ഷ്യപ്പെടുത്തി അപേക്ഷിക്കണം. തീയതിയും ട്രെയിനും മാറ്റാൻ 40 രൂപ മതി. ഇനിമുതൽ നിലവിലെ ടിക്കറ്റ് റദ്ദാക്കി പുതിയത് എടുക്കണം. ക്യാൻസലേഷൻ ചാർജ് നഷ്ടമാകുന്നതിന് പുറമെ പുതിയ ടിക്കറ്റിന് സൗജന്യവും കിട്ടില്ല.
ഷൊർണൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന അർബുദരോഗിക്കും കൂട്ടിരിപ്പുകാരനും റിസർവേഷൻ ടിക്കറ്റിന് ആകെ 90 രൂപയായിരുന്നു. ഇവർക്ക് 90 രൂപ നഷ്ടമാകുമെന്ന് മാത്രമല്ല, 440 രൂപയ്ക്ക് പുതിയ ടിക്കറ്റും എടുക്കണം. ടിക്കറ്റ് റദ്ദാക്കുന്നവർക്ക് ഡോക്ടർ സാക്ഷ്യപ്പെടുത്തിയ പുതിയ അപേക്ഷ സമർപ്പിക്കുക എളുപ്പമല്ല. മുഴുവൻ നിരക്കും നൽകി ടിക്കറ്റ് എടുക്കാനേ നിർവാഹമുള്ളൂ. കോവിഡിൽ നിർത്തലാക്കിയ പാസഞ്ചർ തീവണ്ടികൾ എക്സ്പ്രസാക്കി പുനഃസ്ഥാപിച്ച് മൂന്നിരട്ടിയാണ് ചാർജ് കൂട്ടിയത്. മുതിർന്ന പൗരർക്കുള്ള ആനുകൂല്യവും നിർത്തി.