കൊച്ചി > എറണാകുളം പാർലമെന്റ് നിയോജകമണ്ഡലത്തിൽ രണ്ടുപതിറ്റാണ്ടത്തെ കോൺഗ്രസ് മേധാവിത്വം അവസാനിപ്പിച്ച് ഇടതുപതാക പാറിച്ച ആദർശരാഷ്ട്രീയ നേതാവ് ബാരിസ്റ്റർ സേവ്യർ അറയ്ക്കലിന്റെ വേർപാടിന് ബുധനാഴ്ച 25 വർഷം തികയുന്നു. 1995ൽ എറണാകുളത്തുനിന്ന് ലോക്സഭാംഗമായ അദ്ദേഹം, 1997 ഫെബ്രുവരി ഒമ്പതിനാണ് അന്തരിച്ചത്.
1977ൽ പറവൂരിൽനിന്ന് നിയമസഭാംഗമായും 1980ൽ പാർലമെന്റ് അംഗമായും പ്രവർത്തിച്ച സേവ്യർ അറയ്ക്കൽ, കോൺഗ്രസ് രാഷ്ട്രീയത്തിലെ ഉൾപ്പോരുകളെ തുടർന്ന് 1986ൽ ഒഴിവാക്കപ്പെടുകയായിരുന്നു. സംശുദ്ധരാഷ്ട്രീയത്തിന്റെയും ആദർശനിലപാടുകളുടെയും പിൻബലത്തിൽ 1995ൽ ഇടതുപക്ഷത്ത് എത്തിയ സേവ്യർ അറയ്ക്കലിനെ ജനങ്ങൾ കൈവിട്ടില്ല.
മഞ്ഞുമ്മൽ അറയ്ക്കൽ വർഗീസിന്റെ ആറു മക്കളിൽ ഇളയവനായി 1935 ഏപ്രിൽ 16ന് ജനിച്ചു. എറണാകുളം സെന്റ് ആൽബർട്സ് കോളേജ്, തൃശ്ശിനാപ്പിള്ളി സെന്റ് ജോസഫ് കോളേജ്, തേവര എസ്എച്ച് കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു. തുടർന്ന് വരാപ്പുഴ ആർച്ച് ബിഷപ് ജോസഫ് അട്ടിപ്പേറ്റിയുടെ സഹായത്തോടെ അമേരിക്കയിൽ പഠനം. ചിക്കാഗോയിൽനിന്ന് എംഎസ്ഐആർ ബിരുദവും ലയോള സർവകലാശാലയിൽനിന്ന് മാസ്റ്റർ ബിരുദവും ലണ്ടനിൽനിന്ന് ബാർ അറ്റ് ലോയും സമ്പാദിച്ചു. ഇംഗ്ലണ്ടിൽ വച്ച് ജമൈക്ക സ്വദേശിനി ലെറീസിനെ ജീവിതസഖിയാക്കി. വൃക്കരോഗബാധിതനായി 1997 ഫെബ്രുവരി ഒമ്പതിന് അന്തരിച്ചു.
പൊതുജീവിതത്തിൽ സത്യസന്ധതയും ലാളിത്യവും പുലർത്തിയ അദ്ദേഹത്തിന് എംഎൽഎ, എംപി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടും സ്വന്തമായി ഒരു കാർപോലും ഉണ്ടായിരുന്നില്ല. വൈകുന്നേരങ്ങളിൽ എറണാകുളം നഗരത്തിന്റെ ഓരംചേർന്ന് മറൈൻഡ്രൈവിലേക്ക് നടക്കും. കണ്ടുമുട്ടുന്നവരോടെല്ലാം കുശലം പറയും. സഹായം ആവശ്യപ്പെടുന്നവർക്ക് കഴിയുന്നതെല്ലാം ചെയ്തുകൊടുക്കും. ഇതായിരുന്നു സേവ്യർ അറയ്ക്കലിന്റെ രീതി. ഇടതുപക്ഷപ്രസ്ഥാനത്തോടൊപ്പം ചേർന്നുനിന്ന അദ്ദേഹം, എറണാകുളത്തിന്റെ മനസ്സ് ഇടതുചേരിയിൽ നിലനിർത്താൻ പ്രയത്നിക്കുകയും ചെയ്തു.