ന്യൂഡൽഹി > വർഷങ്ങൾ മുമ്പുള്ള കേസുകൾ കുത്തിപ്പൊക്കി ജെഎൻയു വിദ്യാർഥികളോട് പൊലീസിന്റെ പകപോക്കൽ. 2017-–2018 കാലത്തെ സമരങ്ങൾക്കെതിരായ കേസുകളിലാണ് ഇപ്പോള് നടപടി. പൂര്വ്വ വിദ്യാര്ത്ഥികളെ അടക്കം ഡൽഹി പൊലീസ് ഫോണിൽ ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാൻ നിർദേശിക്കുന്നു. നിയമക്കുരുക്കിലാക്കി ബുദ്ധിമുട്ടിക്കുക മാത്രമാണ് പൊലീസ് ലക്ഷ്യമെന്ന് അഭിഭാഷകർ ചൂണ്ടിക്കാണ്ടി. 2016–-2017ല് യൂണിയന് വൈസ്പ്രസിഡന്റായ അമൽ പുല്ലാർക്കാട്ടിനോട് ഈ മാസം ഹാജരാകന് വസന്ത്കുഞ്ജ് നോർത്ത് പൊലീസ് നിര്ദേശിച്ചു.
ഹോസ്റ്റലിലെ സിസിടിവി മാറ്റിയെന്നാണ് കേസ്. ജെഎൻയു പ്രോക്റ്റർ നടത്തിയ അന്വേഷണത്തിൽ അമലിനെ കുറ്റവിമുക്തനാക്കിയിരുന്നു. കോവിഡ് കാലമായതിനാൽ നാട്ടിലാണെന്നും പിഎച്ച്ഡി തീസിസ് തയ്യാറാക്കുന്ന തിരക്കിലാണെന്നും അറിയിച്ചിട്ടും പൊലീസ് അയഞ്ഞിട്ടില്ല. എസ്എഫ്ഐ നേതാവും യൂണിയൻ മുൻ ജനറൽസെക്രട്ടറിയുമായ ശതരൂപചക്രവർത്തിയോടും ഹാജരാകാൻ നിര്ദേശിച്ചിട്ടുണ്ട്.
കേസിൽ ജെഎൻയു അഡ്മിനിസ്ട്രേഷൻ വൻതുക പിഴചുമത്തിയതിനെതിരെ ശതരൂപ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ’ഒരു സംഭവത്തിന്റെ പേരിൽ ഒരാളെ എത്ര തവണ ശിക്ഷിക്കും’–- പിഎച്ച്ഡി തീസിസ് സമർപ്പിക്കുന്നതിന്റെ തിരക്കിനിടെ ശതരൂപ പ്രതികരിച്ചു. 2020ൽ പിഎച്ച്ഡി നേടി ജെഎൻയു വിട്ട അനുഭൂതിബാര, ഇപ്പോൾ സമാജ്വാദി പ്രവർത്തകനായ ദിലീപ്യാദവ്, യൂണിയൻ മുൻ പ്രസിഡന്റ് മൊഹിത്പാണ്ഡെ തുടങ്ങിയവരോടും ഹാജരാകാൻ നിര്ദേശിച്ചിട്ടുണ്ട്.
വ്യാകരണ പിശകില് നാണംകെട്ട് ജെഎൻയു വിസി
ജെഎൻയുവിന്റെ പുതിയ വൈസ്ചാൻസലറും ഗോഡ്സെ അനുകൂലിയുമായ ശാന്തിശ്രീ ദുലിപുടി പണ്ഡിറ്റിന്റെ ആദ്യ വാർത്താക്കുറിപ്പിൽ വ്യാകരണ പിശകുകളുടെ ഘോഷയാത്ര. ചുമതലയേറ്റശേഷം പ്രധാനമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നന്ദി അറിയിച്ച് ഇംഗ്ലീഷിൽ പുറത്തിറക്കിയ പ്രസ്താവനയില് നിറയെ വ്യാകരണ പിശക്. വിസിയുടെ ‘വിവരക്കേട്’ സാമൂഹമാധ്യമങ്ങളിൽ ചൂടുള്ള ചര്ച്ചയായി. വിമതശബ്ദം മുഴക്കുന്ന ബിജെപി നേതാവ് വരുൺ ഗാന്ധി എംപിയും വിസിയെ രൂക്ഷഭാഷയിൽ വിമർശിച്ചു.
വ്യാകരണംപോലും അറിയാത്തവരെ വിസിയായി നിയമിക്കുന്നത് വിദ്യാർഥികളുടെ ഭാവി തുലയ്ക്കുമെന്നാണ് വരുൺ ഗാന്ധിയുടെ ട്വീറ്റ്. കഴിഞ്ഞദിവസമാണ് കടുത്ത ആർഎസ്എസ് ഭക്തയായ ശാന്തിശ്രീയെ ജെഎൻയു വിസിയാക്കി നിയമിച്ചത്. ഗാന്ധി ഘാതകൻ ഗോഡ്സെയെ ന്യായീകരിച്ചതുൾപ്പെടെയുള്ള ശാന്തിശ്രീയുടെ പഴയ ട്വീറ്റുകൾ ഇതോടെ ചർച്ചയായി. ഇവ പിന്നീട് നീക്കം ചെയ്തു. സാവിത്രിഭായ് ഫുലേ സർവകലാശാല പ്രൊഫസറായിരുന്ന ശാന്തിശ്രീ കൃത്യനിർവഹണത്തിൽ ഗുരുതരവീഴ്ച വരുത്തിയതിന് കടുത്ത അച്ചടക്കനടപടി നേരിട്ടിരുന്നു.