ന്യൂഡൽഹി > പോക്സോ കേസുകളിലെ പ്രതികളോട് ഒരുതരത്തിലുള്ള ദാക്ഷിണ്യവും പ്രകടിപ്പിക്കില്ലെന്ന് സുപ്രീംകോടതി. ‘കുട്ടികൾ അമൂല്യമായ നിധികളാണ്. അവർ രാജ്യത്ത് വലിയ വെല്ലുവിളികളാണ് നേരിടുന്നത്. പോക്സോ കേസുകളിലെ പ്രതികൾക്ക് ഗുരുതരകുറ്റകൃത്യങ്ങൾക്ക് അനുയോജ്യമായ ശിക്ഷതന്നെ നൽകണം. അത് സമൂഹത്തിനുള്ള ശക്തമായ സന്ദേശമാകണം. അശ്ലീല വീഡിയോകളും മറ്റും നിർമിക്കാൻ കുഞ്ഞുങ്ങളെ ചൂഷണം ചെയ്യുന്നവരോട് ഒരുതരത്തിലുള്ള ദാക്ഷിണ്യവും കാണിക്കാൻ പാടില്ല’–- ജസ്റ്റിസുമാരായ എം ആർ ഷാ, ബി വി നാഗരത്ന എന്നിവർ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു.
നാലുവയസ്സുകാരിയുടെ സ്വകാര്യഭാഗത്ത് വിരൽ പ്രവേശിപ്പിച്ച പ്രതി പോക്സോ നിയമത്തിലെ മൂന്ന് (ബി), അഞ്ച് (എം), ആറ് വകുപ്പുകൾ പ്രകാരം ശിക്ഷാർഹനാണെന്ന് ഉത്തരവിട്ടാണ് കോടതിയുടെ നിരീക്ഷണം. കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും അതിനാൽ ഈ വകുപ്പുകൾ ചുമത്തരുതെന്നുമായിരുന്നു പ്രതിയുടെ വാദം.
എന്നാൽ, പ്രതി കുറ്റംചെയ്തെന്നും അതുകൊണ്ട് കുട്ടിക്ക് ക്ഷതവും വേദനയും മൂത്രമൊഴിക്കാൻ അസ്വസ്ഥതയുമുണ്ടായെന്നും കോടതി ചൂണ്ടിക്കാണ്ടി. ഈ സാഹചര്യത്തിൽ അഞ്ച്, ആറ് വകുപ്പുകൾ പ്രകാരം ശിക്ഷിച്ച വിചാരണക്കോടതി ഉത്തരവും അതുശരിവച്ച ഹൈക്കോടതി വിധിയും നിലനിൽക്കുമെന്ന് കോടതി വിലയിരുത്തി.