തിരുവനന്തപുരം > വനിതകൾക്ക് സ്വയംതൊഴിലിന് കേരള ബാങ്കിന്റെ ‘മഹിളാ ശക്തി സ്വയംതൊഴിൽ സഹായ വായ്പാ പദ്ധതി’. വനിതാ സഹകരണ സംഘങ്ങളിലെ അംഗങ്ങൾക്ക് ഒറ്റയ്ക്കോ കൂട്ടായോ വായ്പ നൽകും.
കാറ്ററിങ് യൂണിറ്റിന് ഒരുലക്ഷം രൂപവരെ അന്നപൂർണ വായ്പ ലഭിക്കും. മറ്റു വാണിജ്യസംരംഭങ്ങൾക്ക് അഞ്ചുലക്ഷംവരെ അനുവദിക്കും. ബ്യൂട്ടി പാർലർ, ട്യൂഷൻ, തയ്യൽ, ഡേ കെയർ തുടങ്ങിയ ചെറുകിട സംരംഭങ്ങൾക്ക് വനിത മുദ്ര പദ്ധതിയിൽ രണ്ടു ലക്ഷംവരെ കിട്ടും. സർക്കാർ സംരംഭങ്ങളുടെ ഭാഗമായി കച്ചവടംചെയ്യുന്നവർക്ക് സംരംഭത്തിന്റെ 50 ശതമാനംവരെ നൽകുന്ന വനിതാ വികസന വായ്പയുമുണ്ട്. 18നും 45നുമിടയിലുള്ളവർക്ക് സംരംഭത്തിന് ഒരുലക്ഷം രൂപവരെ അനുവദിക്കുന്ന ഉദ്യോഗിനി വായ്പാപദ്ധതിയും ആവിഷ്കരിച്ചു. ഇതിൽ അപേക്ഷകരുടെ വാർഷിക വരുമാനം 45,000 രൂപയിൽ താഴെയായിരിക്കണം. ഗ്രാമീണ വനിതകളുടെ പുനരുദ്ധാരണവും ആരോഗ്യപരിപാലനവും ഉറപ്പുവരുത്താൻ വനിതാ ശക്തികേന്ദ്ര പദ്ധതിയുമുണ്ട്. അമ്പതിനായിരം രൂപവരെ കുറഞ്ഞ പലിശനിരക്കിൽ വായ്പ കിട്ടും.
വനിതാ സഹകരണസംഘങ്ങൾ നേരിട്ടുനടത്തുന്ന സംരംഭങ്ങൾക്ക് പ്രവർത്തന മൂലധനവും സ്വർണ പണയ ക്യാഷ് ക്രെഡിറ്റും അനുവദിക്കും. സ്വയംസഹായസംഘങ്ങളിലും കുടുംബശ്രീകളിലും അംഗങ്ങളായവർക്ക് മഹിളാശക്തി, ചെറുകിട സംരംഭം, ഭക്ഷ്യ സംസ്കരണ–-സൂക്ഷ്മ വ്യവസായ വായ്പകൾക്ക് അർഹതയുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകളും നബാർഡും അനുവദിക്കുന്ന പലിശ ഇളവുമുണ്ട്.