ന്യൂഡൽഹി > പാകിസ്ഥാന്റെ കശ്മീർ ഐക്യദാർഢ്യദിനത്തിന് പിന്തുണയർപ്പിച്ച ഹ്യുണ്ടായിക്കെതിരെ വ്യാപക പ്രതിഷേധം. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ പാകിസ്ഥാൻ വിഭാഗമാണ് സമൂഹമാധ്യമങ്ങളിലൂടെ കശ്മീർ ഐക്യദാർഢ്യദിനത്തിന് പിന്തുണ പ്രഖ്യാപിച്ചത്. സംഭവത്തിൽ ഇന്ത്യൻ വിദേശമന്ത്രാലയം കടുത്ത അതൃപ്തി രേഖപ്പെടുത്തി.
ദക്ഷിണ കൊറിയൻ അംബാസഡറെ വിളിച്ചുവരുത്തിയാണ് ശക്തമായ പ്രതിഷേധം അറിയിച്ചത്. തുടർന്ന് ദക്ഷിണ കൊറിയൻ വിദേശമന്ത്രി ചുങ് ഇ യോങ് ഖേദം പ്രകടിപ്പിച്ചു. അതേസമയം, ഹ്യുണ്ടായി ബഹിഷ്കരിക്കാനുള്ള ആഹ്വാനം സമൂഹമാധ്യമങ്ങളിലും മറ്റും ശക്തമായി. ‘കശ്മീരി സഹോദരൻമാരുടെ ത്യാഗത്തെ നമുക്ക് സ്മരിക്കാം. അവരുടെ സ്വാതന്ത്ര്യ പോരാട്ടങ്ങളെ പിന്തുണയ്ക്കാം’–- എന്നായിരുന്നു ഹ്യുണ്ടായി പാകിസ്ഥാന്റെ പോസ്റ്റ്. വിവാദമായതോടെ ഇത് നീക്കം ചെയ്തെങ്കിലും സ്ക്രീൻ ഷോട്ടുകൾ പ്രചരിച്ചു. പോസ്റ്റിൽ ഖേദം പ്രകടിപ്പിച്ച് ഹ്യുണ്ടായി ഇന്ത്യ രംഗത്തെത്തി.
കാൽനൂറ്റാണ്ടായി ഇന്ത്യൻ വിപണിയോട് കടപ്പാട് ഉള്ളവരാണെന്നും ദേശീയതയെ ബഹുമാനിക്കുന്ന നിലപാടാണ് ഉയർത്തിപ്പിടിച്ചിട്ടുള്ളതെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, ഭാഷയ്ക്ക് ആത്മാർഥത കുറവാണെന്ന വിമർശവും ശക്തമായി. നിരുപാധിക ഖേദം പ്രകടിപ്പിക്കേണ്ട സംഭവമാണ് ഇതെന്ന് വാണിജ്യ മന്ത്രി പിയൂഷ്ഗോയൽ ചൂണ്ടിക്കാണ്ടി. ഖേദം പ്രകടിപ്പിച്ച് ഹ്യുണ്ടായി ഗ്ലോബലും പ്രസ്താവന പുറപ്പെടുവിച്ചു.
രാജ്യത്തെ രണ്ടാമത്തെ വലിയ കാർ നിർമാതാക്കളാണ് ഹ്യുണ്ടായി.