ന്യൂഡൽഹി > രാജ്യത്ത് അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് രാജ്യസഭയിൽ ആരോഗ്യസഹമന്ത്രി ഭാരതി പ്രവീൺ പവാർ ഡോ. ശിവദാസന് മറുപടി നൽകി. 2016–18 കാലത്തെ കണക്കാണ് മന്ത്രി നൽകിയത്. 2018ൽ ആയിരം ജനനത്തിന് 10 എന്ന വിധത്തിലാണ് കേരളത്തിലെ മരണനിരക്ക്. ദേശീയ ശരാശരി 36 ആണ്. മധ്യപ്രദേശ് (-56), ഉത്തർപ്രദേശ്, അസം (-47) എന്നിവയാണ് മരണനിരക്ക് ഏറ്റവും കൂടിയ സംസ്ഥാനങ്ങൾ.
മാസം തികയാതെയും തൂക്കക്കുറവോടെയുമുള്ള ജനനം, അണുബാധകൾ, വയറിളക്ക രോഗങ്ങൾ, ജനന ആഘാതം, പനി, മറ്റ് പകർച്ചവ്യാധികൾ എന്നിവയാണ് പ്രധാന ശിശുമരണ കാരണങ്ങൾ. ജില്ലതിരിച്ച് കണക്ക് ലഭ്യമല്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം 2019–-20ലെ ദേശീയ കുടുംബാരോഗ്യ സർവേപ്രകാരം കേരളത്തിൽ ശിശുമരണനിരക്ക് 5.2 ആയി കുറഞ്ഞിട്ടുണ്ട്. ദേശീയശരാശരി 30 ആണ്.