തിരുവനന്തപുരം > ലോകായുക്ത നിയമത്തിന്റെ പല്ല് കൊഴിച്ചുവെന്ന പ്രചാരണം നിയമപരമായ അജ്ഞതയിൽ. സാധാരണ പൗരനുള്ള അവകാശം പൊതുപ്രവർത്തകരായതുകൊണ്ട് ഇല്ലാതാകുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ലോകായുക്ത നിയമഭേദഗതി. നിയമനിർമാണ വേളയിൽ പ്രതീക്ഷിക്കാത്ത പ്രശ്നം അനുഭവ വെളിച്ചത്തിൽ തിരുത്തുകയായിരുന്നു. നിയമങ്ങളിലെ പിശകുകൾ പാർലമെന്റിലടക്കം തിരുത്തിയിട്ടുണ്ട്.
പൊതുപ്രവർത്തകരുടെ യശസ്സിനെ ബാധിക്കുന്ന റിപ്പോർട്ടുകളിൽ അവർക്കുകൂടി നിലപാട് വ്യക്തമാക്കാൻ അവസരം ഭരണഘടന ഉറപ്പ് നൽകുന്നുണ്ട്. എന്നാൽ, ലോകായുക്തയിലെ 14–-ാം വകുപ്പ് ഈ അവകാശം നിഷേധിക്കുന്നു. സ്വാഭാവിക നീതി ലഭിച്ചില്ലെന്ന് പരാതിയുള്ളവർ കോടതിയെ സമീപിച്ചിരുന്നെങ്കിൽ ഈ പ്രശ്നം മുമ്പേ ഉയർന്നുവന്നേനെയെന്നും നിയമവിദഗ്ധർ പറയുന്നു. ഒരു നിയമത്തിലെ അമിതാധികാര വകുപ്പ് നീക്കി സ്വാഭാവിക നീതിക്കുള്ള അവസരമൊരുക്കി ഭരണഘടനാ വിധേയമാക്കുന്നതിനെ തെറ്റായി വ്യാഖ്യാനിച്ച് പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷവും ചില മാധ്യമങ്ങളും ശ്രമിച്ചത്.
ലോകായുക്തയുടെ റിപ്പോർട്ടിന്മേൽ നടപടിയെടുക്കുന്നതിന് ഗവർണർക്കോ മുഖ്യമന്ത്രിക്കോ വിവേചനാധികാരം നൽകുന്നത് ജനാധിപത്യത്തിന്റെ അന്തസ്സത്ത ഉറപ്പിക്കലാണ്. ഭരണഘടനാപരമായ പ്രശ്നമുണ്ടെന്ന് മുമ്പ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്ക്യൂഷനും പിന്നീട് എജിയും ചൂണ്ടിക്കാട്ടിയിരുന്നു. അഴിമതിക്കെതിരെ പരാതി നൽകിയാൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ 17 വിഭാഗങ്ങളിലായുള്ള അധികാരം ലോകായുക്തയിൽ ഇപ്പോഴും ശക്തമാണ്.
മുഖ്യമന്ത്രി, മന്ത്രിമാർ, പൊതുസേവകർ, തദ്ദേശ ജനപ്രതിനിധികൾ, സഹകരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, ബോർഡുകൾ, കോർപറേഷനുകൾ തുടങ്ങി എല്ലാ മേഖലയും ഇതിലുൾപ്പെടുന്നു.ലോകായുക്തകൾ ഏകീകൃത രൂപത്തിലാകണമെന്ന് ഉറപ്പുവരുത്താൻ പാർലന്റെിൽ മുമ്പ് നിയമഭേദഗതി കൊണ്ടുവന്നിട്ടുണ്ട്. മറ്റൊരു ലേകായുക്തയ്ക്കും മന്ത്രിമാരെ പുറത്താക്കാൻ അധികാരമില്ല. ബിജെപി ഭരിക്കുന്ന പല സംസ്ഥാനത്തും ലോകായുക്തകൾതന്നെ ഒഴിഞ്ഞുകിടക്കുകയാണ്.