അഖ്ത്യാർപുർ (സർദാന) > ‘ഹിന്ദു ഹെ ഹിന്ദു ഹം, ബസ് രാം കി ബാത് കരോ’ (നമ്മൾ ഹിന്ദുക്കൾ, നമ്മൾ രാമനെക്കുറിച്ചുമാത്രം സംസാരിക്കുക) –- അഖ്ത്യാർപുരിൽ ബിജെപി വിളിച്ചുചേർത്ത ജാട്ട് സഭയിൽ ഉയർന്നുകേട്ട തെരഞ്ഞെടുപ്പ് ഗാനത്തിന്റെ തുടക്കം ഇങ്ങനെ. ‘അയോധ്യയും കാശിയും ശുദ്ധീകരിച്ചു, ഘനശ്യാം ക്ഷമിക്കുക മഥുരയും വൈകാതെ ശുദ്ധീകരിക്കും. രാമനെ കൊണ്ടുവന്നത് ബിജെപി, അവരെ ഞങ്ങൾ കൊണ്ടുവരും. ബിജെപി തരംഗം വീണ്ടും വീശിയടിക്കും’–- പാട്ടിലൂടെയും ഹിന്ദു വികാരം ആളിക്കത്തിക്കുകയാണ് ബിജെപി. പെരുമാറ്റ ചട്ടത്തിന്റെ നഗ്നമായ ലംഘനം കേട്ടാസ്വദിച്ച് കേന്ദ്ര സഹമന്ത്രി സഞ്ജീവ് ബല്യാൻ അടക്കമുള്ള മുതിർന്ന നേതാക്കള്.
മുസഫർനഗർ ലോക്സഭാ മണ്ഡലം ഉൾപ്പെടുന്ന സർദാന ബിജെപിക്ക് ഏറെ പ്രധാനപ്പെട്ട മണ്ഡലം. 1991ലും 2007ലും ഒഴികെ 1989 മുതൽ ബിജെപി തുടർച്ചയായി ജയിക്കുന്ന സീറ്റ്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിൽ ജയിച്ചത്ബിജെപിയുടെ വർഗീയമുഖമായ സംഗീത് സോം. സഞ്ജീവ് ബല്യാനൊപ്പം മുസഫർനഗർ കലാപത്തിന്റെ ആസൂത്രകരിൽ ഒരാൾ. ദാദ്രിയിൽ പശു ഇറച്ചി സൂക്ഷിച്ചെന്നാരോപിച്ച് മുഹമദ് അഖ്ലാഖിനെ അടിച്ചുകൊന്ന വർഗീയവാദികൾക്കായി മുന്നിൽ നിലയുറപ്പിച്ചതും സോം ആണ്.
ക്ഷേത്രം തകർത്ത് നിർമിച്ച എല്ലാ പള്ളികളും പൊളിച്ച് അമ്പലം പണിയും എന്നതടക്കം വിവാദ പ്രസ്താവനകൾ ഏറെ. സോം ഇക്കുറി കടുത്ത വെല്ലുവിളി നേരിടുന്നു. ജാട്ടുകളുടെ പിന്തുണയാണ് ഠാക്കൂർ വിഭാഗക്കാരനായ സോമിന് ജയം എളുപ്പമാക്കിയത്. കർഷകസമരത്തോടെ എല്ലാ കർഷകവിഭാഗങ്ങളും ബിജെപിക്കെതിരാണ്. ധ്രുവീകരണം തീവ്രമാക്കി ജാട്ട് വോട്ട് നിലനിർത്താനാണ് ബിജെപി ശ്രമം. പ്രത്യേകമായി ജാട്ട് സഭകൾ വിളിക്കുന്നതും ഈ ലക്ഷ്യത്തോടെ. കുറേപേരെ നിർബന്ധിച്ച് എത്തിക്കുന്നുണ്ടെങ്കിലും കാലി കസേരകൾ ഏറെ.
എസ്പിയുടെ അതുൽ പ്രധാൻ, ബിഎസ്പിയുടെ സഞ്ജീവ് ധാമ, കോൺഗ്രസിന്റെ സയ്യദ് റിയാസുദ്ദീൻ, ഒവൈസി പാർടിയുടെ സീഷൻ ആലം എന്നിവരാണ് സർദാനയിൽ ജനവിധി തേടുന്നത്. മണ്ഡലത്തിൽ 20 ശതമാനം മുസ്ലിങ്ങളും 16 ശതമാനം ദളിതരുമുണ്ട്. കോൺഗ്രസും ഒവൈസി പാർടിയും ന്യൂനപക്ഷ വോട്ട് ഭിന്നിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.