സർദാന > ജാട്ടുകളുടെ അകൽച്ച പടിഞ്ഞാറൻ യുപിയിൽ ബിജെപിക്ക് ക്ഷീണം ചെയ്യില്ലെന്ന് കേന്ദ്ര സഹമന്ത്രി സഞ്ജീവ് ബല്യാൻ ദേശാഭിമാനിയോട് പറഞ്ഞു. പ്രതിപക്ഷ വോട്ടുകൾ ചിതറും. സർദാനയിൽ ബിജെപിക്ക് കിട്ടാത്ത ന്യൂനപക്ഷ വോട്ടുകൾ കോൺഗ്രസിനും ഒവൈസിക്കുമിടയിൽ ഭിന്നിക്കും. ജാട്ട് വോട്ടുകളിൽ നഷ്ടം സംഭവിച്ചാലും മറ്റ് ഭൂരിപക്ഷവിഭാഗം ബിജെപിക്കു പിന്നിൽ ഏകീകരിക്കും. 2013ൽ മുസഫർനഗറിൽ സംഭവിച്ചതൊന്നും ജനങ്ങൾ മറന്നിട്ടില്ല. ബിജെപി അധികാരത്തിൽ വരും – ബല്യാൻ പറഞ്ഞു.
സീറ്റില്ല; ബിജെപി എംഎൽഎ പാർടിവിട്ടു
ലഖ്നൗ > നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ പാർടിവിട്ടു. ബൈരിയയിലെ സാമാജികൻ സുരേന്ദ്ര സിങ്ങാണ് രാജിവച്ചത്. ബലിയ സദർ സീറ്റിൽനിന്ന് വിജയിച്ചയാളും മന്ത്രിയുമായ ആനന്ദ് സ്വരൂപ് ശുക്ലയ്ക്കാണ് സംസ്ഥാന നേതൃത്വം ഇവിടെ സീറ്റ് നൽകിയത്. സ്വതന്ത്രനായി മത്സരിക്കുമെന്ന് സുരേന്ദ്ര സിങ് പറഞ്ഞു. ബലിയ ലോക്സഭാ മണ്ഡലത്തിലെ അഞ്ച് നിയമസഭാ സീറ്റിലും ബിജെപി തോൽക്കുമെന്നും സിങ് പറഞ്ഞു