ന്യൂഡൽഹി > ഭർത്താവും ബന്ധുക്കളും പീഡിപ്പിക്കുന്നത് തടയാനുള്ള ഐപിസി 498 എ വകുപ്പ് വ്യക്തിവൈരാഗ്യം തീർക്കാൻ ഉപയോഗിക്കുന്നതായി സുപ്രീംകോടതി. വൈവാഹികതർക്കങ്ങളിൽനിന്ന് ഉടലെടുക്കുന്ന പൊതുവായ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഭർത്താവിന്റെ ബന്ധുക്കളെ വിചാരണചെയ്യുന്നത് നിയമം ദുരുപയോഗം ചെയ്യലാണെന്നും ജസ്റ്റിസുമാരായ എസ് അബ്ദുൾനസീർ, കൃഷ്ണമുരാരി എന്നിവർ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു.
ഇത്തരം കേസുകളിൽ ക്രിമിനൽ വിചാരണയ്ക്ക് വിധേയരാകുന്നവർ കുറ്റവിമുക്തരാക്കപ്പെട്ടാലും ഉണ്ടാകാനിടയുള്ള മാനസികപ്രയാസങ്ങൾ വലുതാണെന്നും കോടതി അഭിപ്രായപ്പെട്ടു. ബിഹാറിൽ സ്ത്രീധനപീഡനം ആരോപിച്ച് നൽകിയ കേസ് വ്യക്തിവൈരാഗ്യത്തിന്റെ അടിസ്ഥാനത്തിലാണെന്നുകാട്ടി ഭർത്താവും ബന്ധുക്കളും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഭർത്താവിന്റെ ബന്ധുക്കൾക്ക് എതിരായ പൊതുവായ ആരോപണങ്ങളുടെ പേരിൽ അവരെ വിചാരണയ്ക്ക് വിധേയരാക്കണോ എന്നാണ് സുപ്രീംകോടതി പരിശോധിച്ചത്.