ന്യൂഡൽഹി > ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർക്ക് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) നൽകുന്ന അക്രഡിറ്റേഷൻ റദ്ദാക്കാൻ വ്യവസ്ഥയുമായി വാർത്താ വിതരണ– -പ്രക്ഷേപണ മന്ത്രാലയം. രാജ്യസുരക്ഷയുടെയും ധാർമികതയുടെയും പേരിൽ അക്രഡിറ്റേഷൻ റദ്ദാക്കാമെന്നാണ് പുതിയ നിബന്ധന. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും എതിരായി പ്രവർത്തിക്കുകയോ വിദേശരാജ്യങ്ങളുമായി സൗഹൃദം സ്ഥാപിക്കുകയോ കോടതിയലക്ഷ്യമോ ഉണ്ടായാൽ അക്രഡിറ്റേഷൻ ഉടൻ റദ്ദാകുമെന്ന് നിബന്ധനയിൽ വിശദീകരിക്കുന്നു.
ദുരുപയോഗം ചെയ്യാൻ അങ്ങേയറ്റം സാധ്യതയുള്ള വകുപ്പാണ് ഇത്. എല്ലാവർഷവും ജനുവരിയിലുള്ള അക്രഡിറ്റേഷൻ പുതുക്കൽ ഇത്തവണ നടന്നിട്ടില്ല. 2021ലെ അക്രഡിറ്റേഷൻ 2022 ജനുവരി 31 വരെയും പിന്നീട് ഏപ്രിൽ 30 വരെയും നീട്ടി. അക്രഡിറ്റേഷൻ കാർഡിലാകട്ടെ 2021 ഡിസംബർവരെയാണ് കാലാവധി. ഇതുകാരണം മാധ്യമപ്രവർത്തകർ പല ബുദ്ധിമുട്ടും നേരിടുന്നു. ഇതിനിടെയാണ് പുതിയ വ്യവസ്ഥ.
കേന്ദ്രസർക്കാർ നടപടി സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനുനേരെയുള്ള കടന്നാക്രമണമാണെന്ന് നാഷണൽ അലൈൻസ് ഓഫ് ജേർണലിസ്റ്റ്സും ഡൽഹി യൂണിയൻ ഓഫ് ജേർണലിസ്റ്റ്സും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. മാധ്യമ പ്രവർത്തകരെ ശിക്ഷിക്കാൻ വഴിയൊരുക്കുന്ന വ്യവസ്ഥയാണ് സർക്കാർ കൊണ്ടുവന്നതെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.