ഷില്ലോങ് > തൃണമൂലിനെ ചെറുക്കാൻ മേഘാലയയിലെ ബിജെപി മുന്നണിക്ക് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. ബിജെപി പിന്തുണക്കുന്ന മേഘാലയ ഡെമോക്രാറ്റിക് അലയൻസ് (എംഡിഎ) മുന്നണിയില് ചേരാന് കോണ്ഗ്രസ് നിയമസഭാകക്ഷി ഒറ്റക്കെട്ടായാണ് മുഖ്യമന്ത്രി കോൺറാഡ് സാങ്മയ്ക്ക് കത്ത് നല്കിയത്. സംസ്ഥാനത്ത് അവശേഷിക്കുന്ന അഞ്ച് കോണ്ഗ്രസ് എംഎൽഎമാരും ബിജെപി മുന്നണിയുടെ ഭാഗമാകും. “സര്ക്കാരിനെ ശക്തമാക്കാന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.
നമ്മുടെ യോജിച്ച പ്രവര്ത്തനം സംസ്ഥാനത്തെ മുന്നോട്ടു നയിക്കും’ എം അമ്പാരീൻ ലിംഗ്ദോ, മെയ്റൽബോൺ സയീം, മൊഹെന്ദ്രോ റാപ്സാങ്, കിംഫ മർബാനിയാങ്, പി ടി സോക്മി എന്നിവര് കത്തില് പറയുന്നു. ഇതോടെ കോൺഗ്രസിനെയും ബിജെപിയെയും ഒരേ സർക്കാരിന്റെ ഭാഗമാക്കുക എന്ന “നേട്ടം’ കോൺറാഡ് സാങ്മയ്ക്ക് സ്വന്തമായി.
നവംബറിൽ മുൻ മുഖ്യമന്ത്രി മുകുൾ സാങ്മ ഉൾപ്പെടെ 12 കോൺഗ്രസ് എംഎൽഎമാർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ബാക്കി അഞ്ച് കോൺഗ്രസ് എംഎൽഎമാരാണ് നാഷണൽ പീപ്പിൾസ് പാർടിയുടെ നേതൃത്വത്തിലുള്ള ഭരണമുന്നണിയില് ചേര്ന്നത്. ഇതോടെ തൃണമൂല് കോണ്ഗ്രസ് സംസ്ഥാനത്തെ പ്രതിപക്ഷമായി.