മംഗളൂരു > ഹിജാബ് ധരിക്കുന്ന കുട്ടികളെ വിദ്യാഭ്യാസസ്ഥാപനങ്ങളില് തടയാന് കാവി തലപ്പാവും കാവി ഷാളും ധരിച്ച് സംഘപരിവാരങ്ങള് കൂട്ടത്തോടെ ഇറങ്ങിയതോടെ കര്ണാടകത്തില് സംഘര്ഷാവസ്ഥ. സ്ഥിതി പിടിവിട്ടതോടെ സംസ്ഥാനത്ത് ഹൈസ്കൂളുകളും കോളേജുകളും മൂന്നു ദിവസത്തേക്ക് അടച്ചിടാൻ മുഖ്യമന്ത്രി ബസവരാജ ബൊമ്മെ ഉത്തരവിട്ടു. സമാധാന അന്തരീക്ഷം ഉറപ്പുവരുത്തണമെന്ന് ജനങ്ങളോടും വിദ്യാർഥികളോടും ഹൈക്കോടതി അഭ്യർഥിച്ചു. വിഷയം വൈകാരിക പ്രശ്നമാക്കി മാറ്റരുതെന്ന് ജഡ്ജി കൃഷ്ണ ദീക്ഷിത് അഭ്യര്ത്ഥിച്ചു. ഹിജാബിന് വിലക്കേർപ്പെടുത്തിയത് ചോദ്യം ചെയ്ത് വിദ്യാർഥികളുടെ ഹർജിയില് ബുധനാഴ്ച വീണ്ടും പരിഗണിക്കും.
സംഘപരിവാര ശക്തികളുടെ അഴിഞ്ഞാട്ടം സംസ്ഥാന വ്യാപകമായി സംഘര്ഷത്തിന് കാരണമായി. ശിവമോഗയിലെ കോളേജില് ദേശീയപതാക ഉയർത്താറുള്ള കൊടിമരത്തില്കയറി അധികൃതർ നോക്കിനിൽക്കേ സംഘപരിവാറുകാർ കാവിക്കൊടി ഉയർത്തി. ജയ്ശ്രീറാം മുഴക്കി സംഘപരിവാറുകാരുടെ നേതൃത്വത്തിൽ കാവി ഷാൾ അണിഞ്ഞ് വിദ്യാർഥികൾ കോളേജിൽ എത്തി. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്ഥികളെ ഇവര് തടഞ്ഞതോടെ സംഘർഷമുണ്ടായി. ശിവമോഗയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ദാവൻഗരെ ജില്ലയിലെ ഹരിഹർ ഫസ്റ്റ് ഗ്രേഡ് കോളേജിൽ സംഘർഷത്തെത്തുടർന്ന് പൊലീസ് ആകാശത്തേക്ക് വെടിവച്ചു. ലാത്തിച്ചാർജ് നടത്തി. കാവിഷാൾ അണിഞ്ഞുമെത്തിയ വിദ്യാർഥികൾ കൈയേറ്റം ചെയ്തെന്ന് പെൺകുട്ടികൾ പറഞ്ഞു.
ഉഡുപ്പി മഹാത്മഗാന്ധി കോളേജ്, കുന്ദാപ്പുരത്തെ പിയു കോളേജ് എന്നിവിടങ്ങളിൽ സംഘർഷം നിലനിൽക്കുന്നു. മാണ്ഡ്യ പിഇഎസ് കോളേജിൽ കാവിഷാളും തലപ്പാവും ധരിച്ചെത്തിയ എബിവിപിക്കാർ ജയ് ശ്രീറാം മുഴക്കി ഹിജാബ് ധരിച്ച വിദ്യാർഥിനിക്കുനേരെ പാഞ്ഞടുത്തു. കോളേജ് അധികൃതർ ഇടപെട്ടാണ് പെണ്കുട്ടിയെ രക്ഷപ്പെടുത്തിയത്. ബാഗൽകോട്ട് ജില്ലയിലും സംഘർഷമുണ്ടായി. ഈ വർഷമാദ്യം ഉഡുപ്പിയിൽ സർക്കാർ വനിത പിയു കോളേജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ പുറത്താക്കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.