ദമ്മാം> കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് പ്രവാസികളെ പൂർണമായും കയ്യൊഴിയുന്നതും, പ്രതിഷേധാർഹവുമാണെന്ന് നവോദയ കിഴക്കൻ പ്രവിശ്യ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. 2022 ലെ കേന്ദ്ര ബജറ്റ് ,കോവിഡ് മഹാമാരി കാരണം പ്രതിസന്ധികള് നേരിടുന്ന പ്രവാസികൾക്ക് വേണ്ടി യാതൊന്നും നീക്കി വച്ചിട്ടില്ല. ഗൾഫ് മേഖലയിൽ വ്യാപകമായ തൊഴിൽ നഷ്ടമാണ് കോവിഡ് കാലത്ത് ഉണ്ടായിട്ടുള്ളത്. നിരവധി പ്രവാസികൾ മടങ്ങി വരാൻ കഴിയാതെ നാട്ടിൽ കുടുങ്ങി പോയിട്ടുണ്ട്. പ്രവാസി നിക്ഷേപം ആകർഷിക്കുന്നതിനും, തിരിച്ചു വരുന്ന നിപുണരായ തൊഴിലാളികളെ ഉൾകൊള്ളുന്ന വ്യവസായമേഖല ഉയർന്നു വരുന്നതും, പ്രവാസികളുടെ യാത്രാക്ലേശത്തിന് പരിഹാര മാർഗ്ഗങ്ങളും ബജറ്റിൽ പ്രതീക്ഷിച്ചിരുന്നു. എന്നാൽ കോവിഡ് ബാധിച്ചു വിദേശ രാജ്യങ്ങളിൽ മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് യാതൊരു സാമ്പത്തിക സഹായവും ഉണ്ടായില്ല. കാലങ്ങളായി തുടർന്ന് വരുന്ന കേന്ദ്ര അവഗണന ഈ ബജറ്റിലും ആവർത്തിക്കുകയാണ്.
കേരളം ദീർഘകാലമായി ഉന്നയിക്കുന്ന എയിംസ് അനുവദിക്കണമെന്ന ആവശ്യം പോലും അംഗീകരിക്കപ്പെട്ടിട്ടില്ല. റെയില്വേ സോണ് എന്ന ആവശ്യത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്ക്കായി നീക്കിവെച്ച തുകയിലും ആവശ്യകതയ്ക്ക് അനുസരിച്ച് പുരോഗതി ഉണ്ടായിട്ടില്ല. സാധാരണക്കാർക്ക് ആശ്വാസം നൽകുന്നതിൽ കേന്ദ്ര ബജറ്റ് പൂർണമായും പരാജയപ്പെട്ടു.
പ്രവാസികൾക്കും സാധാരണക്കാർക്കും ഒന്നുമില്ലാത്ത കോർപ്പറേറ്റ് പ്രീണന ബജറ്റ് ആണിത് എന്ന് നവോദയ കേന്ദ്രകമ്മിറ്റി അഭിപ്രായ പ്പെട്ടു