കോഴിക്കോട് > തൃശൂർ കണ്ണന്ക്കുഴിയില് കാട്ടാനയുടെ ആക്രമണത്തിൽ അഞ്ചു വയസുകാരി മരിച്ച സംഭവത്തിൽ കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടയോയെന്ന് പരിശോധിക്കും. കാട്ടാന ആക്രമണത്തെ തുടൾന്ന് റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുന്ന നാട്ടുകാരുമായി ചർച്ച നടത്താൻ തൃശൂർ കലക്ടർക്ക് മന്ത്രി നിർദേശം നൽകി. ഇന്ന് വൈകിട്ട് 5ന് കലക്ടറുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്.
കുട്ടി മരിച്ചത് വേദനയുണ്ടാക്കുന്ന സംഭവമാണെന്നും ജനങ്ങളുടെ ആവശ്യം ന്യായമായതാണെന്നും ശാശ്വത പരിഹാരം നിലവിലെ സംവിധാനം കൊണ്ട് സാധ്യമാകുന്നില്ല എന്നാൽ ശാസ്ത്രീയ മാർഗങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു
പുത്തന്ചിറ സ്വദേശി കാച്ചാട്ടില് നിഖിലിന്റെ മകള് ആഗ്നിമിയ എന്ന അഞ്ചു വയസുകാരിയാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെ കണ്ണംകുഴിയില് ഇവരുടെ വീടിന് സമീപത്ത് നിന്നും അല്പം മാറിയാണ് ഒറ്റയാനെ കണ്ടത്. ആനയെ കണ്ട് വീട്ടുകാര് ചിതറി ഓടുന്നതിനിടയില് കുട്ടിയെ ആന ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടുത്താന് ശ്രമിക്കുന്നതിനിടയില് അച്ഛന് നിഖിലിലും അപ്പൂപ്പന് ജയനും പരുക്കേറ്റു. മൂന്ന് പേരെയും നാട്ടുകാര് ചേര്ന്ന് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില് എത്തിക്കുകയായിരുന്നു. എന്നാല് ആശുപത്രിയില് എത്തുമ്പോഴേക്കും ആഗ്നിമിയ മരിച്ചു.