ന്യൂഡൽഹി> സിൽവർ ലൈൻ അടക്കമുള്ള റെയിൽവേ പദ്ധതികൾക്ക് 2006ലെ വിജ്ഞാപനപ്രകാരമുള്ള പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ. സിൽവർ ലൈൻ പദ്ധതിക്ക് പരിസ്ഥിതിയാഘാത പഠനം നിർബന്ധമാണോയെന്ന കെ മുരളീധരന്റെയും എൻ കെ പ്രേമചന്ദ്രന്റെയും ചോദ്യത്തിന് ലോക്സഭയിൽ നൽകിയ മറുപടിയിൽ വനം, പരിസ്ഥിതിമന്ത്രി അശ്വനികുമാർ ചൗബെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിൽവർ ലൈനിന്റെ വിശദ പദ്ധതിറിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കിയ സമയത്ത് ദ്രുത പരിസ്ഥിതി ആഘാതപഠനം നടത്തിയതായി കെ–-റെയിൽ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പരിസ്ഥിതിയാഘാത നിർണയ വിജ്ഞാപനം 39 ഇനം പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കുമാണ് ബാധകം. എന്നാൽ മെട്രോ അടക്കം റെയിൽവേ പദ്ധതികളൊന്നും ഇതിൽ വരുന്നില്ല. സിൽവർ ലൈനിന്റെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കണമെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പരാതി ലഭിച്ചിരുന്നതായും ഇതിന് മന്ത്രാലയം മറുപടി അയച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പരിസ്ഥിതിയാഘാത പഠനം നടത്താതെ കേന്ദ്രം മെഗാ പദ്ധതികൾക്ക് അനുമതി നൽകുന്നുണ്ടോ, സിൽവർ ലൈൻ അനുമതിക്കായി കേരളം പരിസ്ഥിതി മന്ത്രാലയത്തിൽ അപേക്ഷ നൽകിയിട്ടുണ്ടോ, പരിസ്ഥിതി ആഘാത പഠനം നടത്താതെ കേരളസർക്കാർ പദ്ധതിയുമായി മുന്നോട്ടുപോകുന്നതായി പരാതി ലഭിച്ചിട്ടുണ്ടോ, സിൽവർ ലൈൻ പരിസ്ഥിതിയാഘാത റിപ്പോർട്ട് കേരളം സമർപ്പിച്ചിട്ടുണ്ടോ, സിൽവർ ലൈനിന് പരിസ്ഥിതി ആഘാതപഠനം നിർബന്ധമാണോ, പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ കേന്ദ്രം നടപടി സ്വീകരിക്കുമോ എന്നീ ചോദ്യങ്ങളാണ് യുഡിഎഫ് എംപിമാർ ഉന്നയിച്ചത്. വിജ്ഞാപനത്തിന്റെ പരിധിയിൽ വരുന്ന എല്ലാ പദ്ധതികളും മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.