തിരുവനന്തപുരം> വിവാദക്കുരുക്കിലാക്കി സർക്കാർ തീരുമാനങ്ങൾക്ക് തടയിടാനുള്ള പ്രതിപക്ഷത്തിന്റെ രാഷ്ട്രീയനീക്കത്തിന് കനത്ത പ്രഹരമേൽപ്പിച്ച് ലോകായുക്ത ഓർഡിനൻസ് അംഗീകരിച്ച ഗവർണറുടെ നടപടി. പ്രതിപക്ഷ വാദങ്ങളുടെയെല്ലാം മുനയൊടിച്ച ഗവർണറുടെ തീരുമാനത്തോടെ യുഡിഎഫും ബിജെപിയും ഒരു വിഭാഗം മാധ്യമങ്ങളും കൈകോർത്ത് നടത്തിയ നീക്കമാണ് വെളിച്ചത്തായത്.
പെരുംനുണകളാണ് പ്രതിപക്ഷവും മാധ്യമങ്ങളും അഴിച്ചുവിട്ടത്. മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസമന്ത്രിക്കും എതിരെ ലോകായുക്തയുടെ പ്രതികൂല വിധി വരാൻപോകുന്നു. ലോകായുക്തയ്ക്ക് കടിഞ്ഞാണിട്ട് അത് തടയാനുള്ള നീക്കമാണ് തിരക്കിട്ട ഭേദഗതി എന്നായിരുന്നു അതിലൊന്ന്. കണ്ണൂർ വിസി നിയമനത്തിൽ മന്ത്രി ആർ ബിന്ദു അധികാര ദുർവിനിയോഗം നടത്തിയില്ലെന്ന് ലോകായുക്ത വിധിച്ചതോടെ അത് പൊളിഞ്ഞു. ദുരിതാശ്വാസനിധിയിൽനിന്ന് ധനസഹായം നൽകിയതാണ് മുഖ്യമന്ത്രിക്കെതിരായ പരാതി. മന്ത്രിസഭാ തീരുമാനപ്രകാരമാണ് ഇതെന്ന് സർക്കാർ വ്യക്തമാക്കിയതാണ്.
കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ലോകായുക്ത നിയമഭേദഗതി സംബന്ധിച്ച് സർക്കാരിന് നിയമോപദേശം ലഭിച്ചത്. ഭരണഘടനാ വിരുദ്ധമായ ചില അധികാരങ്ങളിലെ അനൗചിത്യമാണ് നിയമോപദേശത്തിന് വഴിതെളിച്ചത്. അത് പരിഗണിച്ചാണ് ഭേദഗതി ഓർഡിനൻസ് പുറപ്പെടുവിക്കാൻ തീരുമാനിച്ചത്. കേസുകൾ പരിഗണിച്ച് ശുപാർശ നൽകാനുള്ള അധികാരംമാത്രമാണ് കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ നിലവിലുള്ളത്. ലോകായുക്ത നിയമത്തിലെ 12–-ാം വകുപ്പ് വ്യാഖ്യാനിച്ച് നിരവധി തവണ ഹൈക്കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടി. ലോകായുക്ത അതിര് കടക്കരുതെന്നും അഭിപ്രായപ്പെട്ടു. ഇതൊന്നും കണ്ടില്ലെന്നു നടിച്ചാണ് രാഷ്ട്രീയവേട്ടയ്ക്ക് പ്രതിപക്ഷം നിലയുറപ്പിച്ചത്.
യുഡിഎഫ് നേതാക്കൾ സംഘം ചേർന്ന് ഗവർണറെ കണ്ടപ്പോൾ ബിജെപിയാകട്ടെ ഒളിഞ്ഞും തെളിഞ്ഞും കൂടെ ചേർന്നു. ഗവർണറെ സമ്മർദത്തിലാക്കി ഓർഡിനൻസ് മടക്കി അയക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇരുപക്ഷവും ചെയ്തത്. പ്രതിപക്ഷത്തിന്റെ പരാതിയിൽ ഗവർണർ സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു. ഹൈക്കോടതിക്ക് ഇല്ലാത്ത അധികാരം ലോകായുക്തയ്ക്ക് നൽകുന്നതിലെ അയുക്തി സർക്കാർ മറുപടിയിൽ എടുത്തുപറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലില്ലാത്ത അധികാരമാണ് ഇതെന്ന് ഗവർണർക്കും ബോധ്യമായി.
ലോകായുക്തയുടെ പല്ലും നഖവും പറിച്ചെന്നാണ് പ്രതിപക്ഷ ആക്ഷേപം. ഇത് വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്ന് ഗവർണർക്കും ബോധ്യമായെന്നുവേണം കരുതാൻ. ഭേദഗതി ഓർഡിനൻസിലൂടെ 22 വർഷംമുമ്പ് കടന്നുകൂടിയ ഭരണഘടനാ വിരുദ്ധ വ്യവസ്ഥ നീക്കി നിയമത്തെ സ്ഫുടം ചെയ്തെന്നുമാത്രം.