ദുബായ് > കേരളത്തെ മുന്നോട്ട് നയിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമത്തിന് പൂർണ്ണ പിന്തുണ നൽകുന്നുവെന്നും, ആരെന്ത് വിമർശിച്ചാലും അതിനെ വിലവെക്കുന്നില്ലെന്നും നോർക്ക വൈസ് പ്രസിഡന്റും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി . നോർക്കയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കു നൽകിയ സ്വീകരണത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
യു എ ഇ സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രിക്ക് ഏറ്റവും നല്ല സ്വീകരണമാണ് യു എ ഇ യിൽ ലഭിച്ചത്. യു എ ഇ വൈസ് പ്രസിഡന്റും, പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും, ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തും, ഉപമുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ്, യു എ ക്യാബിനറ് മന്ത്രിയും എക്സ്പോ കമ്മീഷണർ ജനറലുമായ ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, തൊഴിൽ മന്ത്രി ഡോ.അബ്ദുൽ റഹ്മാൻ അൽ അവാർ, വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിന് അഹ്മദ് അൽ സിയൂദി, യു എ ഇ മന്ത്രിയും എക്സ്പോ-2020 ഡയറക്ടർ ജനറലുമായ റീം ഹാഷ്മി, യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, ദുബായ് സിവിൽ ഏവിയേഷൻ പ്രസിഡണ്ട് ഷെയ്ഖ് അഹമ്മദ് ബിൻ സയ്യിദ് അൽ മക്തൂം തുടങ്ങി ഒട്ടേറെ ഉന്നതരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.
കേരളീയരെ യു എ ഇ ഭരണാധികാരികൾ വിലമതിക്കുന്നുണ്ട്. യു എ ഇ യുടെ വളർച്ചയിൽ കേരളീയർ വലിയ പങ്കു വഹിച്ചിട്ടുണ്ട്. മഹാമാരിക്കാലം അതിജീവിക്കുവാൻ യു എ ഇ വലിയ ശ്രമങ്ങൾ നടത്തി. അതിൽ വിജയം വരിച്ചു. പല രാജ്യങ്ങൾക്കും ഇത് മാതൃകയാണ്. ദുഃഖം വരുമ്പോൾ സന്തോഷിക്കുകയും സന്തോഷം വരുമ്പോൾ ദുഃഖിക്കുകയും ചെയ്യുന്ന ഒന്ന് എന്താണ് എന്ന് അക്ബർ ചക്രവർത്തി ബീർബലിനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഈ സമയവും കടന്നു പോകും എന്നാണ്. അതുപോലെ ലോകത്തെ ഗ്രസിച്ചിരിക്കുന്ന ഈ മഹാമാരിക്കാലവും കടന്നു പോകുകയും ലോകം പൂർവ്വസ്ഥിതിയിലാവുകയും ചെയ്യുമെന്നും എം എ യൂസഫലി പറഞ്ഞു.