ന്യൂഡൽഹി > ലതാ മങ്കേഷ്കറുടെ മൃതദേഹത്തിന് മുന്നിൽ കൈകൾ ഉയർത്തി “ദുആ’ ചെയ്ത ഷാരൂഖ് ഖാനെതിരെ വിദ്വേഷപ്രചരണവുമായി ഹിന്ദുത്വ തീവ്രവാദികൾ. “മൃതദേഹത്തിൽ തുപ്പി” എന്നാണ് നടനെതിരെ നടക്കുന്ന വ്യാജപ്രചരണം. പ്രാർത്ഥനക്കിടെ ഷാരൂഖ് മൃതദേഹത്തിലേക്ക് ഊതി. ഇതിനെയാണ് തുപ്പി എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്. ഷാരൂഖിനെതിരെ സൈബർ ആക്രമണവും നടക്കുന്നുണ്ട്. ആക്രമണങ്ങളെ അപലപിച്ച് നിരവധി ആളുകൾ രംഗത്തുവന്നു.
ലതയുടെ മൃതദേഹത്തിനരികെ നിന്ന് പ്രാർത്ഥിക്കുന്ന ഷാരൂഖിൻ്റെയും മാനേജർ പൂജ ദദ്ലാനിയുടെയും ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ചിത്രത്തെ ‘മതേതര ഇന്ത്യയുടെ ചിത്രം’ എന്നാണ് ആരാധകരടക്കം വിശേഷിപ്പിച്ചത്. എന്നാൽ ഇതിന് പിന്നാലെ ഹരിയാനയിലെ ബിജെപി നേതാവും പാർട്ടി ഐ.ടി സെൽ തലവനുമായ അരുൺ യാദവാണ് വെറുപ്പ് പ്രചരണത്തിന് തുടക്കമിട്ടത്. “ഷാരൂഖ് മൃതദേഹത്തിൽ തുപ്പിയോ’ എന്നായിരുന്നു അരുൺ യാദവിന്റെ ട്വീറ്റ്. ഇത് ഏറ്റെടുത്ത് അനുയായികൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ ആക്രമണമാണ് നടനെതിരെ നടത്തുന്നത്.