തിരുവനന്തപുരം > ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഒപ്പുവച്ചു. ഇതോടെ ഓർഡിനൻസ് നിലവിൽ വന്നു. ഇന്നലെ വിദേശ യാത്ര കഴിഞ്ഞ് എത്തിയശേഷം മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ലോകായുക്തയുടെ 14-ാം വകുപ്പ് ഭരണഘടന വിരുദ്ധമായതുകൊണ്ടാണ് ഭേദഗതി കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. എ.ജിയുടെ നിയമോപദേശമുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ലോകായുക്തനിയമഭേദഗതിക്ക് സംസ്ഥാനത്തിന് അവകാശമുണ്ടെന്ന് വ്യവസായ നിയമ മന്ത്രി പി രാജീവും നേരത്തെ വ്യക്തമാക്കിയിരുന്നു. ലോകായുക്ത നിയമ ഭേദഗതിക്ക് രാഷ്ട്രപതിയുടെ അനുമതി വേണമെന്ന അഭിപ്രായത്തിന് നിയമപരമായ സാംഗത്യമോ നിലനിൽപ്പോ ഇല്ല. 2013 ൽ ഇന്ത്യൻ പാർലമെന്റ് ലോക്പാൽ ബിൽ പാസാക്കി . ആ ബില്ലിന്റെ പാർട്ട് 3 ൽ, എല്ലാ സംസ്ഥാനങ്ങളും ലോകായുക്ത നിയമം പാസാക്കണം എന്ന് വ്യവസ്ഥ ചെയ്തിരുന്നു.
അങ്ങനെ പാസാക്കേണ്ട സംസ്ഥാന നിയമത്തിന്റെ മാതൃകയും അതിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ലോകസഭയിൽ ബില്ല് ചർച്ച ചെയ്ത് പാസാക്കിയപ്പോൾ ഒരു ഭേദഗതി വരുത്തി. സമ്മതമുള്ള സംസ്ഥാനങ്ങൾക്ക് മാത്രമേ കേന്ദ്ര ബില്ലിൽ നിഷ്കർഷിക്കുന്ന സംസ്ഥാന നിയമത്തിന്റെ മാതൃക ബാധകമാക്കാവൂ എന്നതായിരുന്നു ആ ഭേദഗതി. നിശ്ചിത മാതൃകയിൽ തന്നെ സംസ്ഥാനങ്ങൾ നിയമം പാസാക്കണം എന്ന വ്യവസ്ഥ സംസ്ഥാന അധികാരത്തിലുള്ള കടന്നു കയറ്റമാവുമെന്നതിനാൽ ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്കുള്ള സ്വാതന്ത്ര്യം നിലനിർത്തണമെന്ന് രാജ്യസഭാ സെലക്ട് കമ്മിറ്റിയും അഭിപ്രായപ്പെട്ടതായി പി രാജീവ് പറഞ്ഞിരുന്നു.