സർദാന (മീറത്ത്)
ഡൽഹിയില് ഐതിഹാസിക കർഷകസമരത്തിന്റെ മുഖമുദ്രയായിരുന്നു ട്രാക്ടറുകൾ. കർഷകരുടെ വിജയമുദ്ര. പടിഞ്ഞാറൻ യുപിയുടെ തലസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന മീറത്തിനോട് അടുത്തപ്പോൾ നിരനിരയായി വീണ്ടും ട്രാക്ടറുകൾ. അവയില് പാറിക്കളിക്കുന്നത് ബിജെപി കൊടി. കർഷകരുടെ സമരചിഹ്നം പിടിച്ചെടുക്കാനാണ് ശ്രമം. പടിഞ്ഞാറൻ യുപിയിലെ പ്രബല കർഷക വിഭാഗമായ ജാട്ടുകൾ ഒപ്പമുണ്ടെന്ന പ്രതീതി സൃഷ്ടിക്കുകയും വേണം. മുമ്പൊരു തെരഞ്ഞെടുപ്പിലും ട്രാക്ടർ റാലി ബിജെപി പരീക്ഷിച്ചിട്ടില്ല. ജാട്ട് വോട്ടുകൾ നിർണായകമായ സിവാൽഖാസ്, മീറത്ത് കാന്റ്, സർദാന തുടങ്ങിയ മണ്ഡലങ്ങളിലൂടെയാണ് ബിജെപിയുടെ ട്രാക്ടർ റാലി നീങ്ങുന്നത്.
ജാട്ട് കർഷകർ ബിജെപിക്കൊപ്പമാണെന്ന് ട്രാക്ടർ റാലിയുടെ സംഘാടകരിൽ പ്രധാനിയായ ചൗധുരി ഹരീന്ദർ സിങ് അവകാശപ്പെട്ടു. അമിത് ഷാ അടക്കമുള്ള നേതാക്കളുടെ ഇടപെടലോടെ കര്ഷകരുടെ തെറ്റിദ്ധാരണമാറിയെന്നാണ് പ്രാദേശിക ബിജെപി നേതാവായ ഹരീന്ദർ സിങ് പറയുന്നു.
കലാപത്തിന്റെ കനലണച്ച കർഷക ഐക്യം
2013ൽ സംഘപരിവാർ സൃഷ്ടിച്ച മുസഫർനഗർ കലാപത്തിലൂടെ കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പിലും 2017 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ജാട്ടുകളുടെ പിന്തുണയിൽ പടിഞ്ഞാറൻ യുപിയിൽ ബിജെപി മൃഗീയ ഭൂരിപക്ഷം നേടി. എന്നാൽ കർഷക സമരം എല്ലാം തകിടം മറിച്ചു. പടിഞ്ഞാറൻ യുപിയിലെ കർഷക നേതാവ് രാകേഷ് ടിക്കായത്തിനോട് ബിജെപി കാട്ടിയ അപമര്യാദ ജാട്ടുകളെ വലിയതോതിൽ ചൊടിപ്പിച്ചു. ട്രാക്ടർ റാലി നാടകം കൊണ്ടുമാത്രം ഈ മുറിവുണക്കുക ബിജെപിക്ക് എളുപ്പമല്ല. ജാട്ടുകളുടെ എക്കാലത്തെയും സമുന്നത നേതാവായ ചൗധുരി ചരൺ സിങ്ങിന്റെ കൊച്ചുമകൻ ജയന്ത് ചൗധുരിയുമായി കൈകോർത്ത് അഖിലേഷ് യാദവ് നീങ്ങുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.