ആന്റിഗ്വ
ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ശോഭനം. രോഹിത് ശർമയ്ക്കും സംഘത്തിനും പിൻഗാമികളായി യാഷ് ദൂലും കൂട്ടുകാരും. അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഓൾറൗണ്ട് പ്രകടനത്തോടെ ഇന്ത്യക്ക് അഞ്ചാം കിരീടം. ആവേശകരമായ ഫൈനലിൽ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തോൽപ്പിച്ചു.പേസർമാരുടെ മികവിൽ ഇംഗ്ലണ്ടിനെ 44.5 ഓവറിൽ 189 റണ്ണിന് പുറത്താക്കിയ ഇന്ത്യ 47.4 ഓവറിൽ ലക്ഷ്യം കണ്ടു. തുടർച്ചയായി രണ്ട് പന്തിൽ സിക്സറടിച്ചാണ് വിക്കറ്റ് കീപ്പർ ദിനേശ് ബാന (5 പന്തിൽ 13) വിജയമൊരുക്കിയത്.
സ്കോർ: ഇംഗ്ലണ്ട് 189 (44. 5), ഇന്ത്യ 6––195 (47.4)
അഞ്ച് വിക്കറ്റെടുക്കുകയും 35 റണ്ണടിക്കുകയും ചെയ്ത രാജ് ബാവ കളിയിലെ താരമായി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് 91 റണ്ണെടുക്കുന്നതിനിടെ ഏഴ് വിക്കറ്റ് നഷ്ടപ്പെട്ട് തകർന്നതാണ്. ജയിംസ് റിവ് 95 റണ്ണുമായി പൊരുതാനുള്ള സ്കോർ സമ്മാനിച്ചു.
മികച്ച ഫോമിലായിരുന്ന ഓപ്പണർ അൻഗൃഷ് രഘുവൻഷിയെ റണ്ണെടുക്കാതെ പുറത്താക്കി ഇംഗ്ലണ്ട് അപായസൂചന നൽകി. ഹർനൂർ സിങ്ങിനെയും (21) യാഷ് ദൂലിനെയും (17) ഷെയ്ഖ് റഷീദിനെയും (50) മടക്കി ഇംഗ്ലണ്ട് പിടിമുറുക്കി. ഇന്ത്യ 4-–-97 റണ്ണിലേക്ക് വീണു. അഞ്ചാം വിക്കറ്റിൽ നിഷാന്ത് സിന്ധുവും രാജ് ബാവയും ചേർന്നുള്ള 65 റൺ ഇന്ത്യൻ വിജയത്തിൽ അടിത്തറയായി. ബാവയും (54 പന്തിൽ 35) കൗശൽ ടാംബെയും (1) മടങ്ങിയതോടെ വീണ്ടും സമ്മർദമായി. ജയിക്കാൻ മൂന്ന് ഓവറിൽ 12 റൺ, നാല് വിക്കറ്റ് ബാക്കി. ജയിംസ് സെയിൽസിന്റെ നാൽപ്പത്തിയേഴാം ഓവറിലെ ആദ്യ പന്ത് ഫോറടിച്ച് നിഷാന്ത് സിന്ധു സമ്മർദമൊഴിവാക്കി. അടുത്ത പന്തിൽ ഒരു റൺ. തൊട്ടടുത്ത രണ്ടു പന്തും സിക്സർ പറത്തി ദിനേശ് ബാന വിജയം ആഘോഷമാക്കി. നിഷാന്ത് 54 പന്തിൽ 50 റണ്ണുമായി രക്ഷകനായി.