കോഴിക്കോട്
മുസ്ലിംലീഗിന്റെ കോ–-ഓർഡിനേഷൻ സമിതി വിട്ട സമസ്ത വഖഫ് സംരക്ഷണ സമിതിയുമായി കൈകോർക്കുന്നു. വഖഫ് സ്വത്ത് സംരക്ഷണത്തിനും തട്ടിപ്പുകൾ അന്വേഷിക്കാനുമായി രൂപീകരിച്ച കൂട്ടായ്മയിലാണ് സമസ്ത പങ്കാളിയാകുന്നത്. കോ–- ഓർഡിനേഷൻ സമിതി വിട്ടതിന് പിന്നാലെയുള്ള സമസ്ത കേരള ജംഇയ്യത്തുൽ ഉലമ(ഇ കെ വിഭാഗം)യുടെ നീക്കം ലീഗ് നേതൃത്വത്തെ ഞെട്ടിക്കുന്നതാണ്. സമസ്ത ചേർന്നതോടെ വഖഫ് സംരക്ഷണസമിതി വിപുലീകരിച്ചു. മുശാവറ അംഗം കൂടിയായ മുതിർന്ന നേതാവ് ഉമർഫൈസി മുക്കത്തെ വൈസ് ചെയർമാനായും തെരഞ്ഞെടുത്തു. കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ നേതൃത്വമേകുന്ന സുന്നി പ്രസ്ഥാനവുമായടക്കം സഹകരിച്ചാണ് വഖഫ് സംരക്ഷണസമിതിയിൽ സമസ്ത ഭാഗഭാക്കാകുന്നത്.
മുശാവറയുടെ തീരുമാനപ്രകാരം സമുദായ വിഷയങ്ങളിൽ ലീഗ് അജൻഡ നടപ്പാക്കാനില്ലെന്ന് പ്രഖ്യാപിച്ചാണ് സമസ്ത കോ–-ഓർഡിനേഷൻ സമിതിവിട്ടത്. തുടർന്ന് പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉൾപ്പെടെയുള്ളവരെ കാന്തപുരം വിഭാഗക്കാരനെന്നും അരിവാൾ സുന്നിയെന്നും ഒരുവിഭാഗം ലീഗുകാർ അധിക്ഷേപിച്ചു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ട് ചേർന്ന വഖഫ് സംരക്ഷണ സമിതിയിൽ സമസ്ത നേതാക്കൾ പങ്കെടുത്തത്. വഖഫ് നിയമനം പിഎസ്സിക്ക് വിട്ടതിനെതിരായ സമരം തുടരുമെന്ന് ലീഗ് ആവർത്തിക്കുമ്പോഴാണിത്. വിവിധ സമുദായ സംഘടനകളും നേതാക്കളും തട്ടിയെടുത്ത വഖഫ് സ്വത്തുക്കൾ വീണ്ടെടുക്കാനുള്ള സമര–-പ്രചാരണ വേദിയാണ് വഖഫ് സംരക്ഷണസമിതി.
സ്വത്ത് തട്ടിയെടുത്തതിൽ ഗണ്യമായൊരു വിഭാഗം ലീഗ് നേതാക്കളും ബന്ധുക്കളുമാണെന്ന് ആരോപണമുണ്ട്. ഇത് അന്വേഷിക്കണമെന്നതാണ് പ്രധാന ആവശ്യം. സമസ്ത യുവജന–-വിദ്യാർഥി നേതാക്കളിൽ പ്രമുഖരും സംരക്ഷണസമിതിയിലുണ്ട്. പി ടി എ റഹീം എംഎൽഎ, ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുൾവഹാബ് എന്നിവരും മുൻനിരയിലുണ്ട്.