അഹമ്മദാബാദ് > ഏകദിന ക്രിക്കറ്റിൽ 1000 മത്സരം ഇന്ത്യ അതിമധുരമായി തികച്ചു. ഓൾ റൗണ്ട് പ്രകടനത്തോടെ വെസ്റ്റിൻഡീസുമായുള്ള ആദ്യ ഏകദിനത്തിൽ രോഹിത് ശർമയും സംഘവും ആറ് വിക്കറ്റ് ജയം സ്വന്തമാക്കി. 176 റണ്ണിന് വിൻഡീസിനെ ചുരുട്ടിക്കെട്ടിയ ഇന്ത്യ 28 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ജയം കുറിച്ചു. നാല് വിക്കറ്റെടുത്ത സ്പിന്നർ യുശ്-വേന്ദ്ര ചഹാലാണ് വിൻഡീസ് ബാറ്റിങ് നിരയെ തകർത്തത്. മറ്റൊരു സ്പിന്നർ വാഷിങ്ടൺ സുന്ദർ മൂന്ന് വിക്കറ്റ് നേടി. ചഹാലാണ് മാൻ ഓഫ് ദി മാച്ച്.
ഇന്ത്യയുടെ 1000–ാം മത്സരത്തിൽ ടോസ് കിട്ടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ വിൻഡീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ചഹാലിന്റെയും സുന്ദറിന്റെയും സ്പിൻ ബൗളിങ്ങിന് മുന്നിൽ കുരുങ്ങിയ വിൻഡീസ് ഒരു ഘട്ടത്തിൽ 7–79ലേക്ക് തകർന്നു. ജാസൺ ഹോൾഡറും (57) ഫാബിയൻ അല്ലെനും (29) ചേർന്നാണ് 150 കടത്തിയത്. പ്രസിദ്ധ് കൃഷ്ണ രണ്ടും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി. ചഹാൽ ഏകദിനത്തിൽ 100 വിക്കറ്റും തികച്ചു.
മറുപടിക്കെത്തിയ ഇന്ത്യ ക്യാപ്റ്റൻ രോഹിതിന്റെ (51 പന്തിൽ 60) മികവിൽ മിന്നും തുടക്കം കുറിച്ചു. ഇഷാൻ കിഷൻ (28), മുൻ ക്യാപ്റ്റൻ വിരാട് കോഹ്-ലി (8) എന്നിവർ പെട്ടെന്ന് മടങ്ങി. 11 റണ്ണെടുത്ത ഋഷഭ് പന്ത് ദൗർഭാഗ്യകരമായി റണ്ണൗട്ടായി.സൂര്യകുമാർ യാദവും (36 പന്തിൽ 34) അരങ്ങേറ്റക്കാരൻ ദീപക് ഹൂഡയും (32 പന്തിൽ 26) ജയത്തിലേക്ക് നയിച്ചു.
കോവിഡ് കാരണം പ്രധാന താരങ്ങളായ ശിഖർ ധവാൻ, ശ്രേയസ് അയ്യർ എന്നിവരില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. മൂന്ന് മത്സര പരമ്പരയിലെ രണ്ടാമത്തെ കളി ബുധനാഴ്ച നടക്കും.