മുംബൈ > ഇന്ത്യയുടെ വാനമ്പാടിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം. അനശ്വര ഗായിക ലതാ മങ്കേഷ്കറിന്റെ സംസ്കാര ചടങ്ങുകൾ മുംബൈ ശിവാജി പാർക്കിൽ പൂർത്തിയായി. വൈകിട്ട് ആറേകാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മൃതദേഹത്തിൽ പുഷ്പചക്രം സമർപ്പിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ലത മങ്കേഷ്കറുടെ സഹോദരിയും ഗായികയുമായ ആശാ ഭോസ്ലെ, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, ശ്രദ്ധ കപൂർ തുടങ്ങി നിരവധി പേർ പൂർണ സൈനിക ബഹുമതികളോടെ നടന്ന സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു.
മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽനിന്ന് ഉച്ചയോടെ വസതിയിലെത്തിച്ച മൃതദേഹം വൈകിട്ട് അഞ്ചേമുക്കാലോടെ വിലാപയാത്രയായാണ് ശിവാജി പാർക്കിലെത്തിച്ചത്. വഴിയിലുടനീളം നിരവധിയാളുകൾ അന്ത്യാഞ്ജലി അർപ്പിച്ചു.
കോവിഡും ന്യൂമോണിയയും ബാധിച്ച് ജനുവരി 8 മുതൽ ചികിത്സയിലായിരുന്ന ലതാ മങ്കേഷ്കർ ഞായറാഴ്ച രാവിലെയാണ് അന്തരിച്ചത്. കോവിഡില് നിന്നും മുക്തി നേടിയിരുന്നെങ്കിലും ന്യൂമോണിയ ബാധിച്ചതിനെത്തുടര്ന്ന് ആരോഗ്യനില വഷളാകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്.
മുപ്പത്തിയഞ്ചിലേറെ ഇന്ത്യന് ഭാഷകളിലും വിദേശഭാഷകളിലുമായി 30,000 ത്തിലേറെ ഗാനങ്ങള് പാടിയിട്ടുണ്ട്. ഭാരതരത്നം, പത്മവിഭൂഷണ്, പത്മഭൂഷണ്, ദാദാ സാഹിബ് ഫാല്ക്കെ അവാര്ഡ്, ഫ്രഞ്ച് സര്ക്കാരിന്റെ പരമോന്നത സിവിലിയന് ബഹുമതിയായ ലീജിയന് ഓഫ് ഓണര് തുടങ്ങിയ അംഗീകാരങ്ങള് ലഭിച്ചിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നുവട്ടം നേടിയിട്ടുണ്ട്.
ഇന്ത്യയുടെ വാനമ്പാടിയുടെ വിയോഗത്തിൽ രാജ്യത്ത് രണ്ടു ദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ആദരസൂചകമായി ദേശീയ പതാക രണ്ട് ദിവസത്തേക്ക് പകുതി താഴ്ത്തിക്കെട്ടുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.