കൊച്ചി > സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിലെ പ്രധാനപ്രതി സ്വപ്ന സുരേഷ് മാധ്യമ അഭിമുഖങ്ങളിൽ പറഞ്ഞകാര്യങ്ങളിൽ പുതുതായി ഒന്നുമില്ലെന്ന് അന്വേഷണ ഏജൻസികൾ. മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ പുസ്തകം പുറത്തിറങ്ങിയശേഷം സ്വപ്ന സുരേഷ് നൽകിയ അഭിമുഖങ്ങൾ പരിശോധിച്ചാണ് അന്വേഷണ ഏജൻസികളുടെ പ്രതികരണം. നയതന്ത്ര ബാഗേജിലൂടെയുള്ള സ്വർണക്കടത്തും അനുബന്ധ കേസുകളും അന്വേഷിച്ച കസ്റ്റംസ്, എൻഐഎ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘത്തിലെ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.
കേസുകളിലെ പ്രധാനപ്രതിയായി ജയിലിൽ കഴിയുമ്പോൾ അന്വേഷണ ഏജൻസികളെല്ലാം സ്വപ്നയെ വിശദമായി ചോദ്യം ചെയ്തിരുന്നു. മജിസ്ട്രേട്ടിനുമുന്നിൽ രഹസ്യമൊഴിയും രേഖപ്പെടുത്തി. അതിൽ പറയാത്ത കാര്യങ്ങളൊന്നും ഇപ്പോൾ പറഞ്ഞിട്ടില്ലെന്നാണ് അന്വേഷകരുടെ പ്രതികരണം. അതുകൊണ്ടുതന്നെ മാധ്യമ അഭിമുഖങ്ങളുടെ അടിസ്ഥാനത്തിൽ പുനരന്വേഷണത്തിന്റെയോ കൂടുതൽ അന്വേഷണത്തിന്റെയോ ആവശ്യമില്ല. കസ്റ്റംസ് എടുത്ത രണ്ടു കേസുകളിലും സ്വപ്നയെ വിശദമായി ചോദ്യം ചെയ്തിരുന്നു. നയതന്ത്രബാഗേജിൽ സ്വർണം കടത്തിയ കേസിലും വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലും പ്രധാനപ്രതിയാണ് സ്വപ്ന. ചോദ്യം ചെയ്യലിനുപുറമെ ക്രിമിനൽ നടപടിക്രമം 164 പ്രകാരം മജിസ്ട്രേട്ടിനുമുന്നിൽ രഹസ്യമൊഴിയും രേഖപ്പെടുത്തി. അതിന്റെയെല്ലാം ഭാഗമായി കസ്റ്റംസ് തുടർപരിശോധനകളും അന്വേഷണവും നടത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
എൻഐഎയെ ഇടപെടുവിച്ചത് ശിവശങ്കറാണെന്നത് തെറ്റ്
കേസിൽ എൻഐഎയെ ഇടപെടുവിച്ചത് ശിവശങ്കറാണെന്ന സ്വപ്നയുടെ ആരോപണം അന്വേഷണ ഉദ്യോഗസ്ഥൻ നിഷേധിച്ചു. എൻഐഎ ശിവശങ്കറിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, കേസിൽ അദ്ദേഹം പ്രതിയല്ല. കഴിഞ്ഞവർഷം ജനുവരിയിൽ കുറ്റപത്രവും സമർപ്പിച്ചു. സ്വപ്നയുടെ ഇപ്പോഴത്തെ ആരോപണങ്ങൾ വ്യക്തിവിരോധത്തിന്റെ പേരിലുള്ളതാണെന്ന് കരുതുന്നതായും എൻഐഎ പ്രതികരിച്ചു.
ആരോപണങ്ങളിൽ പുതിയ കാര്യമില്ല: ഇഡി
കസ്റ്റഡിയിലിരിക്കെ പുറത്തുവന്ന സ്വപ്നയുടെ ശബ്ദരേഖ, യുണിടാക് ഫ്ലാറ്റ്, ഐ ഫോൺ തുടങ്ങിയ ആക്ഷേപങ്ങളിൽ അന്വേഷണം നടത്തിയതാണെന്നാണ് ഇഡിയുടെ നിലപാട്. സ്വപ്ന നേരത്തേ ഇഡിക്കു നൽകിയ മൊഴികളിൽ ഈ ആക്ഷേപങ്ങളുണ്ടായിരുന്നെന്നും പുതിയ കാര്യമല്ലെന്നുമാണ് ഇഡി ഉദ്യോഗസ്ഥരുടെയും പ്രതികരണം.
ആരോപണങ്ങളുടെ ഉത്തരവാദിത്തം സ്വപ്നയ്ക്കെന്ന് കസ്റ്റംസ് പ്രസ്താവന
സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധം, പിഡബ്ല്യുസിയിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ തുടങ്ങിയ മൊഴികളും സ്വപ്ന കസ്റ്റംസിന്റെ ചോദ്യം ചെയ്യലിൽ നൽകിയിരുന്നു. ഇതിന്റെ റിപ്പോർട്ട് കസ്റ്റംസ് കോടതിയിൽ സമർപ്പിച്ചപ്പോൾ വിചിത്രമായ പ്രസ്താവനയും ഉൾപ്പെടുത്തി. ഗുരുതരമായ ആരോപണങ്ങളുടെ ഉത്തരവാദിത്വം സ്വപ്ന സുരേഷിനാണെന്നും കോടതി ആവശ്യപ്പെട്ടാൽ തെളിവ് അവർതന്നെ നൽകുമെന്നുമായിരുന്നു പ്രസ്താവന.
സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസുമായി മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധിപ്പിക്കാൻ അന്വേഷണ ഏജൻസികൾ ശ്രമിച്ചിരുന്നു. പേഴ്സണൽ സെക്രട്ടറി പി കെ രവീന്ദ്രനെ ഉൾപ്പെടെ ചൊദ്യം ചെയ്തത് അതിനായിരുന്നെങ്കിലും ഫലംകണ്ടില്ല. പിഡബ്ല്യുസിയിലെ നിയമനകാര്യം മുഖ്യമന്ത്രിയോട് സംസാരിക്കാമെന്ന് ശിവശങ്കർ തന്നോട് പറഞ്ഞെന്നും അതിനാൽ മുഖ്യമന്ത്രി അറിഞ്ഞാണ് നിയമനം നടന്നതെന്നുമായിരുന്നു സ്വപ്നയുടെ മൊഴി.