തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തുന്നു. രാജ്ഭവനിൽ എത്തിയാണ് കൂടിക്കാഴ്ച. ലോകായുക്തനിയമഭേദഗതി ഓർഡിനൻസ് വിവാദങ്ങൾക്കിടെയാണ് കൂടിക്കാഴ്ച എന്നത് ഏറെ ശ്രദ്ധേയമാണ്. ലോകായുക്താ നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ല. മുഖ്യമന്ത്രി വരാൻ കാത്തിരിക്കുന്നു എന്നായിരുന്നു പുറത്തു വന്നിരുന്ന വിവരങ്ങൾ.
ലോകായുക്തനിയമഭേദഗതി മന്ത്രിസഭായോഗം അംഗീകരിച്ച് ഗവർണർക്ക് അയച്ചിരുന്നു. ഇതുവരെ ഗവർണർ ഇതിൽ ഒരു തീരുമാനം എടുത്തിരുന്നില്ല. മുഖ്യമന്ത്രി വിദേശയാത്രയിൽ ആയതിനാൽ തിരിച്ച് വന്നതിനുശേഷം തീരുമാനത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നാണ് വിവരം. ഞായറാഴ്ച രാവിലെ മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചെത്തിയിരുന്നു. തുടർന്ന് വൈകുന്നേരം ആറ് മണിയോടെയാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തുകയായിരുന്നു.
ലോകായുക്താ നിയമഭേദഗതി ഓർഡിനൻസുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവർണർക്ക് കൂടുതൽ വിവരങ്ങൾ അറിയേണ്ടതുണ്ട്. ഇതിന്റെ നിയമസാധ്യത അടക്കമുള്ള മറ്റു കാര്യങ്ങൾ ഗവർണർ നിയമോപദേശം തേടാനുള്ള സാധ്യത ഉണ്ടായിരുന്നു എന്ന് രാജ്ഭവൻ വൃത്തങ്ങൾ വിശദീകരിച്ചിരുന്നു. ഗവർണർ നിയമോപദേശം തേടിയതിന് ശേഷം മാത്രമേ ഓർഡിനൻസിൽ ഒപ്പിടുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്നാണ് വിവരം. കൂടിക്കാഴ്ചയിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ മുഖ്യമന്ത്രി നൽകിയേക്കുമെന്നാണ് വിവരം.
Content Highlights: CM Pinarayi vijayan meet governor arif mohammad khan