ദുബായ്> ഇന്ത്യയിലെ ഏറ്റവും നിക്ഷേപ സുരക്ഷയുള്ള സംസ്ഥാനം കേരളമാണന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിക്ഷേപകർക്ക് നിരവധി അവസരങ്ങളാണ് കേരളത്തിൽ ഉള്ളതെന്നും സംരംഭകർക്ക് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും പറഞ്ഞ മുഖ്യമന്ത്രി നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെ്യതു. ദുബായ് എക്സ്പോയിലെ കേരള പവലിയനിൽ സംഘടിപ്പിച്ച സംരംഭക സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിസ്ഥാന സൗകര്യം, ഐടി സ്റ്റാർട്ടപ്, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിലെ കേരളത്തിന്റെ നിക്ഷേപ അവസരങ്ങൾ ഇൻവെസ്റ്റേഴ്സ് മീറ്റിൽ പരിചയപ്പെടുത്തി. വ്യവസായം തുടങ്ങാൻ സൗകര്യം ഒരുക്കുന്ന ഏകജാലകമായ കെ സ്വിഫ്റ്റ് ഉൾപ്പടെയുള്ള ആശയങ്ങളെ നിക്ഷേപകർക്ക് പരിചയപ്പെടുത്തി. കെ റെയിൽ ഉൾപ്പെടെയുള്ള വികസന പദ്ധതികളെ കുറിച്ച് മന്ത്രി പി രാജീവ് സംസാരിച്ചു. പ്രവാസി നിക്ഷേപകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സമിതിയെ നിയോഗിക്കുമെന്നും പി രാജീവ് പറഞ്ഞു.
സംരംഭക വർഷമായി ആചരിക്കുന്ന 2022ൽ കേരളത്തിൽ കൂടുതൽ നിക്ഷേപങ്ങളെത്തിക്കുന്നതിന് സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വ്യവസായ സൗഹൃദാന്തരീക്ഷം ഉറപ്പ് വരുത്തിയും നിക്ഷേപകർക്കനുകൂലമായ നിയമ നിർമ്മാണങ്ങൾ നടത്തിയും ഇതിനോടകം തന്നെ സംരംഭകരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ കേരളത്തിന് സാധിച്ചു. മീറ്റിൽ പങ്കെടുത്ത പലരും കേരളത്തിൽ നിക്ഷേപങ്ങൾ ആരംഭിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ചോദ്യോത്തര വേളയിൽ വ്യവസായലോകത്തു നിന്നുയർന്ന സംശയങ്ങൾക്ക് മന്ത്രി മറുപടി പറഞ്ഞു. സംഗമത്തിൽ സന്നിഹിതരായവരെ കേരളത്തിലേക്ക് ക്ഷണിക്കാനും സാധിച്ചു.
ഉത്തരവാദ നിക്ഷേപം ഉത്തരവാദ വ്യവസായം എന്ന നയമുയർത്തിപ്പിടിക്കുന്ന കേരളം ഈ വർഷം വ്യവസായ രംഗത്ത് മികച്ച നേട്ടം കൈവരിക്കുമെന്ന പ്രതീക്ഷ കൂടുതൽ ഊട്ടിയുറപ്പിക്കുന്നതായിരുന്നു സംരംഭക സംഗമമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കെഎസ്ഐഡിസി, കിൻഫ്ര, കെബിപി എന്നിവയുമായി സഹകരിച്ച്, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയാണ് ഇൻവെസ്റ്റേഴ്സ് മീറ്റ് സംഘടിപ്പിച്ചത്