ന്യൂഡൽഹി > ടയർവില കൂട്ടാൻ ഒത്തുകളിച്ച എംആർഎഫ് ഉൾപ്പെടെയുള്ള കമ്പനികൾക്ക് വൻ തുക പിഴ ചുമത്തിയ കോംപറ്റീഷൻ കമീഷൻ ഓഫ് ഇന്ത്യ (സിസിഐ) ഉത്തരവ് അമിതലാഭത്തിനായി ഉപയോക്താക്കളെ ചൂഷണംചെയ്യുന്ന കുത്തകകൾക്കുള്ള ശക്തമായ മുന്നറിയിപ്പ്. ടയർ ഉൽപ്പാദനമേഖലയിൽ പ്രബലരായ നാലോ അഞ്ചോ കമ്പനി ചേർന്ന് ടയറിന്റെ വിപണിവില നിർണയിക്കാൻ നടത്തിയ ഗൂഢാലോചനകളും ചരടുവലികളും വ്യക്തമാക്കുന്നതാണ് സിസിഐ ഉത്തരവ്. ഒരു വ്യാവസായികമേഖലയെ മൊത്തത്തിൽ നിയന്ത്രിക്കാനും ഉൽപ്പന്നത്തിന്റെ വില നിർണയിക്കാനും പ്രബലരായ കമ്പനികൾ നടത്തുന്ന ഇടപെടലുകളെ ‘കാർട്ടലൈസേഷൻ’ എന്നാണ് വിശേഷിപ്പിക്കാറുള്ളത്.
കാർട്ടലൈസേഷനിൽ ഏർപ്പെട്ട എംആർഎഫ്, അപ്പോളോ, സിയറ്റ്, ജെകെ, ബിർള ടയർ കമ്പനികൾക്കും അതിന് കൂട്ടുനിന്ന ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചേഴ്സ് അസോസിയേഷനും (എടിഎംഎ) 1788 കോടി രൂപയുടെ പിഴയാണ് സിസിഐ ചുമത്തിയത്. എടിഎംഎ ശേഖരിച്ച് നൽകിയ വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ കമ്പനികൾ ഒരേസമയം വില നിർണയിച്ചു. ആത്യന്തികമായി ഉപയോക്താക്കളാണ് ഇതിലൂടെ വഞ്ചിക്കപ്പെട്ടതെന്ന് സിസിഐ വൃത്തങ്ങൾ ദേശാഭിമാനിയോട് പ്രതികരിച്ചു.
കമ്പനികൾ വിപണിയിൽ ഒരുപോലെ മത്സരിക്കുമ്പോൾ ഉൽപ്പന്നങ്ങളുടെ വിപണിവില കുറയും. എന്നാൽ, പ്രബലരായ ടയർ കമ്പനികൾ ഒരുമിച്ച് വില നിശ്ചയിച്ചതോടെ ഉപയോക്താക്കൾ വഞ്ചിക്കപ്പെട്ടു. ടയർവില കൂടിയാൽ അത് അനുബന്ധമേഖലകളെയും കാര്യമായി ബാധിക്കും. ടയർവില അകാരണമായി ഉയരുന്നതിൽ ആശങ്കാകുലരായ ചില സംഘടനകളാണ് ഈ വിഷയത്തിൽ കോർപറേറ്റ്കാര്യ മന്ത്രാലയത്തിന് പരാതി നൽകിയത്. കമ്പനികൾ ഒത്തുകളിച്ചതിന്റെ തെളിവുകളായ ഇ–-മെയിലുകളും മറ്റും വീണ്ടെടുത്തതാണ് അന്വേഷണത്തിൽ നിർണായകമായത്.
‘ഉത്തരവ് പുറപ്പെടുവിച്ചവരിൽ മലയാളി’
ടയർ കമ്പനികൾക്ക് പിഴ ചുമത്തിയ നടപടിക്കു പിന്നിൽ മലയാളിയും. സിസിഐയിലെ മുതിർന്ന അംഗമായിരുന്ന അഗസ്റ്റിൻ പീറ്റർ ഉൾപ്പെട്ട സിസിഐ കോറമാണ് 2018 ആഗസ്തിൽ ടയർ കമ്പനികൾക്ക് പിഴ ചുമത്തിയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. 2006 മുതൽ 2009 വരെ സിസിഐ ഉപദേശകനും പിന്നീട് ഡയറക്ടർ ജനറലുമായിരുന്നു അഗസ്റ്റിൻ പീറ്റർ. 2014 മുതൽ 2019 വരെ സിസിഐ മുതിർന്ന അംഗമായും സേവനമനുഷ്ഠിച്ചു. ഈ കാലയളവിലാണ് ടയർ കമ്പനികൾക്ക് എതിരായ പരാതി സിസിഐ പരിഗണനയ്ക്ക് വന്നത്.