തിരുവനന്തപുരം > ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ പേഴ്സണൽ സ്റ്റാഫിൽ ആർഎസ്എസ് നേതാവിനെ നിയമിച്ചു. ബിജെപി സംസ്ഥാന സമിതി അംഗവും ജന്മഭൂമി മുൻ ചീഫ് എഡിറ്ററുമായ ഹരി എസ് കർത്തയെയാണ് ആർഎസ്എസ് ദേശീയ നേതൃത്വത്തിന്റെ സമ്മർദ ഫലമായി ഗവർണറുടെ അഡീഷണൽ പിഎ ആയി രാജ്ഭവനിൽ നിയമിച്ചത്. ഗവർണറിൽ ആർഎസ്എസ് നിയന്ത്രണം കൊണ്ടുവരാനാണിത്. ദീർഘകാലം ബിജെപി മീഡിയ സെൽ ചുമതലക്കാരനായിരുന്നു ഹരി എസ് കർത്ത.
ആർഎസ്എസ് സൈദ്ധാന്തികനായ ഹരി എസ് കർത്തയെ ആരിഫ് മൊഹമ്മദ് ഖാൻ ഗവർണറായി ചുമതലയേറ്റയുടൻ പ്രസ്സെക്രട്ടറിയായി രാജ്ഭവനിൽ നിയമിക്കാൻ നീക്കം നടന്നിരുന്നു. എന്നാൽ പ്രസ് സെക്രട്ടറി പിആർഡിയിൽനിന്ന് മതിയെന്ന് ഗവർണർ തീരുമാനിക്കുകയായിരുന്നു. ഗവർണറെ പിൻസീറ്റിലിരുന്ന് ആർഎസ്എസ്–-ബിജെപി നിയന്ത്രിക്കാൻ പലപ്പോഴും ശ്രമിച്ചു. എന്നാൽ ഗവർണർ ഇതിന് പൂർണമായും വഴങ്ങുന്നില്ലെന്ന വികാരമാണ് സംഘപരിവാറിന്. ഇതോടെയാണ് ഹരി എസ് കർത്തയെ രാജ്ഭവനിൽ നിയമിക്കാൻ വീണ്ടും നീക്കം നടത്തിയത്.
തിരുവനന്തപുരം തൈക്കാട് സ്വദേശിയായ ഹരി എസ് കർത്ത പഠന കാലത്ത് എബിവിപിയിലൂടെയാണ് ആർഎസ്എസുമായി അടുത്തത്. ജന്മഭൂമിയിൽ ലേഖകനായിരുന്ന അദ്ദേഹം ഏഴുവർഷം ചീഫ് എഡിറ്ററുമായിരുന്നു. പി എസ് ശ്രീധരൻപിള്ള, കുമ്മനം രാജശേഖരൻ എന്നിവർ ബിജെപി പ്രസിഡന്റായിരിക്കെ മീഡിയ വിഭാഗം ചുമതല വഹിച്ചു. കെ സുരേന്ദ്രൻ പ്രസിഡന്റായി വന്നപ്പോഴും ഏതാനും മാസംമുമ്പ് വരെ മീഡിയ ചുമതലക്കാരനായിരുന്നു.