ഉഡുപ്പി > ഹിജാബ് ധരിച്ചെത്തുന്ന പെൺകുട്ടികളെ കർണാടകത്തിലെ കോളേജുകളിൽ വിലക്ക് ഏർപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ സംഘപരിവാറിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം വിദ്യാർഥികൾ കാവി ഷാൾ അണിഞ്ഞ് കോളേജിലേക്ക് മാർച്ച് നടത്തി. ഉഡുപ്പി ജില്ലയിലുള്ള കുന്ദാപുരിലെ ആർഎൻ ഷെട്ടി കോളേജിലാണ് സംഭവം.
യൂണിഫോമിന് മുകളിൽ കാവി ഷാൾ അണിഞ്ഞെത്തിയ വിദ്യാർഥികൾ ജയ് ശ്രീറാം വിളിച്ചാണ് മാർച്ചിൽ പങ്കെടുത്തത്. ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള വിദ്യാർഥികളുടെ മാസങ്ങളായുള്ള സമരം അട്ടിമറിക്കുന്നതിന്റെ ഭാഗമായാണ് സംഘപരിവാർ മാർച്ച്.
അതേസമയം, സമത്വവും ഐക്യവും പൊതുക്രമവും ലംഘിക്കുന്ന വസ്ത്രങ്ങൾ നിരോധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. 1983 കർണാടക വിദ്യാഭ്യാസ ആക്ട് അനുസരിച്ച് എകീകൃത വസ്ത്രധാരണം നിർബന്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്. ചിലയിടത്ത് വിദ്യാർഥികൾ മതമനുസരിച്ച് വസ്ത്രം ധരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടെന്നും ഇത് ഐക്യവും സമത്വവും തകർക്കുന്നതാണെന്നും ഉത്തരവിൽ പറയുന്നു.