തിരുവനന്തപുരം > കോവിഡ് മൂന്നാംതരംഗത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ച ഞായർ നിയന്ത്രണം ഇന്നുകൂടി. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. അനാവശ്യയാത്ര നടത്തിയാൽ വാഹനം പിടിച്ചെടുക്കും. വിവാഹ, മരണാനന്തര ചടങ്ങുകളിൽ 20 പേർക്ക് പങ്കെടുക്കാം. ആരാധനാലയങ്ങളിൽ 20 പേരെ അനുവദിക്കും.
അവശ്യസർവീസുകളിലെ ജീവനക്കാർ തിരിച്ചറിയൽ കാർഡ് കരുതണം. ആശുപത്രി, വാക്സിൻ കേന്ദ്രം, ബസ് ടെർമിനൽ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് രേഖകളുമായി യാത്ര ചെയ്യാം. കടകൾ രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ. റസ്റ്റോറന്റുകളിലും ബേക്കറികളിലും പാഴ്സൽമാത്രം. ഇ-–- കൊമേഴ്സ്, കൊറിയർ ഹോം ഡെലിവറിയാകാം.
മുൻകൂർ ബുക്ക് ചെയ്ത സ്റ്റേ വൗച്ചറുകൾ സഹിതം വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാം. പരീക്ഷകൾക്ക് രേഖ ഉപയോഗിച്ച് ഉദ്യോഗാർഥികൾക്ക് യാത്ര അനുവദിക്കും. കള്ളുഷാപ്പ് ഒഴികെയുള്ള മദ്യവിൽപ്പനശാലകൾ പ്രവർത്തിക്കില്ല.