ന്യൂഡൽഹി > സെൻട്രൽ ഇലക്ട്രോണിക്സ് ലിമിറ്റഡിനെ (സിഇഎൽ) ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച സ്ഥാപനമായി കേന്ദ്ര പൊതുമേഖലാവകുപ്പ് തെരഞ്ഞെടുത്തു. കോവിഡ്കാലമായ 2020–-21ൽ നൂറിൽ 75.55 പോയിന്റാണ് സിഇഎൽ നേടിയത്. തുച്ഛമായ വിലയ്ക്ക് കേന്ദ്രം വിറ്റഴിക്കാൻ ശ്രമിച്ച സ്ഥാപനമാണിത്. ശക്തമായ തൊഴിലാളി– -ബഹുജന പ്രതിഷേധത്തെതുടർന്നാണ് കേന്ദ്രനടപടി നിർത്തിവച്ചത്.
സൗരോർജം ഉപയോഗിച്ചുള്ള പ്രതിരോധ ഉപകരണങ്ങളും ഗൃഹോപകരണങ്ങളും ഇതര സംവിധാനങ്ങളും നിർമിക്കുന്നതിൽ പ്രാഗത്ഭ്യം നേടിയ സ്ഥാപനമാണ്. 43 വർഷം പഴക്കമുള്ള സിഇഎൽ ആണ് രാജ്യത്ത് ആദ്യമായി കളർ ടെലിവിഷൻ നിർമിച്ചത്. റെയിൽവേ സുരക്ഷാ ഉപകരണങ്ങൾ, റഡാറുകൾക്കുവേണ്ട ഫെയ്സ് കൺട്രോൾ മൊഡ്യൂളുകൾ, സുരക്ഷാ ഉപകരണങ്ങൾ എന്നിവയും നിർമിക്കുന്നു.
സ്ഥാപനത്തിന് നിലവിലുള്ള 1592 കോടി രൂപയുടെ ഓർഡറുകൾവഴി 730 കോടി രൂപ ലാഭം ലഭിക്കും. സിഇഎൽ ഭൂമിക്ക് സർക്കാർനിരക്ക് പ്രകാരം 440 കോടി രൂപ വിലമതിക്കും. സ്ഥാപനം 210 കോടി രൂപയ്ക്ക് ട്രേഡിങ് മേഖലയിലെ കമ്പനിക്ക് വിൽക്കാനായിരുന്നു നീക്കം.
രണ്ടു സ്ഥാപനംമാത്രം പങ്കെടുത്ത ലേലത്തിൽ നന്ദൽ ഫിനാൻസ് ആൻഡ് ലീസിങ് പ്രൈവറ്റ് ലിമിറ്റഡാണ് മുന്നിൽവന്നത്. ഇതിന്റെ 99.96 ശതമാനം ഓഹരിയും കൈയാളുന്നത് പ്രീമിയർ ഫർണിച്ചർ ആൻഡ് ഇന്റീരിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ്. ഈ തട്ടിക്കൂട്ട് കമ്പനിക്കെതിരെ നാഷണൽ കമ്പനി ലോ ട്രിബ്യൂണലിനുമുമ്പാകെ കേസുണ്ട്. ഇവരെ സഹായിക്കാൻ സർക്കാർ നൽകിയ ഇളവുകൾ വിവാദമായി. ഇതെല്ലാം പുറത്തുവരികയും പ്രതിഷേധം ഉയരുകയും ചെയ്തതോടെയാണ് വിൽപ്പന മുടങ്ങിയത്. എംപിമാരായ വി ശിവദാസനും ജോൺ ബ്രിട്ടാസും സിഇഎൽ വിൽപ്പനയ്ക്കെതിരെ രംഗത്തുവന്നിരുന്നു.