കൊൽക്കത്ത > പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവുമായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യയെ വധിക്കാൻ നിരവധിതവണ ശ്രമമുണ്ടായെന്ന് വെളിപ്പെടുത്തി ബംഗാൾ രഹസ്യാന്വേഷണ ഏജൻസി മുൻ മേധാവി ദിലീപ് മിത്ര. സംസ്ഥാനത്ത് ഇടതുമുന്നണി സർക്കാരിനെ അട്ടിമറിക്കാൻ നന്ദിഗ്രാമിൽ നടന്ന കലാപത്തിനു പിന്നിൽ ദേശീയ, അന്തർദേശീയ തലത്തിൽ വലിയ ആസൂത്രണവും ഗൂഢാലോചനയും നടന്നുവെന്നും ദിലീപ് മിത്ര ‘ഓപ്പറേഷൻ ബ്ലാക്ക് സ്റ്റിലെറ്റോ: മൈ ഇയേഴ്സ് ഇൻ ഇന്റലിജൻസ്’ എന്ന പുസ്തകത്തിൽ വസ്തുതനിരത്തി ചൂണ്ടിക്കാട്ടി. പ്രമുഖ ബംഗാളി ന്യൂസ് ചാനലായ എബിപി ആനന്ദയ്ക്ക് നൽകിയ അഭിമുഖത്തിൽ ദിലീപ് മിത്ര വിവരങ്ങൾ ആവർത്തിച്ചു.
2002ൽ കൊൽക്കത്തയിലെ ഡൺലപിൽവച്ചാണ് ബുദ്ധദേബിനെ വധിക്കാൻ ആദ്യശ്രമമുണ്ടായത്. അനധികൃത മദ്രസകൾ കേന്ദ്രീകരിച്ച് തീവ്രവാദ പ്രവർത്തനം നടക്കുന്നെന്ന പ്രതികരണത്തിനു പിന്നാലെയായിരുന്നു ഇത്. ഭരണകേന്ദ്രമായ റൈറ്റേഴ്സ് ബിൽഡിങ്, മുർഷിദാബാദ് ജില്ലയിലെ ബഹരാമ്പുർ, സിലിഗുരി എന്നിവിടങ്ങളിൽവച്ചും വധശ്രമമുണ്ടായി.
2008 നവംബറിൽ സാൽബണിയിൽ ജിന്താൽ സ്റ്റീൽ പ്ലാന്റിന്റെ കല്ലിടലിനുശേഷം മടങ്ങുംവഴി കുഴിബോംബ് വച്ച് അപായപ്പെടുത്താൻ മാവോയിസ്റ്റുകൾ ശ്രമിച്ചു. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കേന്ദ്രമന്ത്രിയായിരുന്ന രാംവിലാസ് പസ്വാനും ബുദ്ധദേബിനൊപ്പമുണ്ടായിരുന്നു. അകമ്പടി പോയ ആറ് പൊലീസുകാർക്ക് സാരമായ പരിക്കേറ്റു.
നന്ദിഗ്രാം വെടിവയ്പിൽ ബുദ്ധദേബിന് നേരിട്ട് ഒരു പങ്കുമില്ലായിരുന്നു. പൊലീസിന്റെ അമിതാധികാര നടപടിക്ക് അദ്ദേഹം എതിരുമായിരുന്നു. പൊലീസിലെ ഒരു വിഭാഗം അദ്ദേഹത്തിന് തെറ്റായ വിവരമാണ് നൽകിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഗ്രൂപ്പുകൾ നന്ദിഗ്രാമിൽ കലാപം സൃഷ്ടിക്കാൻ പരിപാടികൾ ആസൂത്രണം ചെയ്തു. ഇക്കാര്യം ചീഫ് സെക്രട്ടറിയെയും ആഭ്യന്തര സെക്രട്ടറിയെയും അറിയിച്ചു. എന്നാൽ തന്റെ റിപ്പോർട്ടുകൾ മുഖ്യമന്ത്രിയുടെ അടുത്ത് യഥാസമയം എത്തിയില്ലെന്നും ദിലീപ് മിത്ര പറഞ്ഞു. നന്ദിഗ്രാം കലാപത്തെക്കുറിച്ച് അന്വേഷിച്ച സിബിഐയും ബുദ്ധദേബിന് സംഭവത്തിൽ നേരിട്ട് പങ്കില്ലെന്നാണ് കണ്ടെത്തിയത്.