ഷാംലി (പടിഞ്ഞാറൻ യുപി) > ഗംഗാനദിയുടെ പടിഞ്ഞാറൻ തീരത്ത് വടക്ക് ഉത്തരാഖണ്ഡിനെ അതിരിടുന്ന സഹരൻപ്പുർമുതൽ തെക്ക് ആഗ്രവരെ നീളുന്ന പടിഞ്ഞാറൻ യുപിയിലെ എഴുപതോളം സീറ്റ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഗതിനിർണയിക്കുന്നതിൽ നിർണായകമാകും.
കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പിലും 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പടിഞ്ഞാറൻ യുപി പൂർണമായും ബിജെപിയെ തുണച്ചു. പ്രബല ജാതിവിഭാഗമായ ജാട്ടുകളുടെ പിന്തുണയാണ് ബിജെപിയെ തുണച്ചത്. എന്നാൽ, കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നിയമങ്ങളും അതിനെതിരായ ഐതിഹാസിക കർഷക പ്രക്ഷോഭവും സമവാക്യങ്ങൾ മാറ്റിമറിച്ചു. ജാട്ടുകൾ ബിജെപിയോട് അകലുന്ന കാഴ്ചയാണ് പടിഞ്ഞാറൻ യുപിയിൽ.
പടിഞ്ഞാറൻ യുപിയിലെ 58 മണ്ഡലമാണ് ഫെബ്രുവരി 14ന് ആദ്യ ഘട്ടത്തിൽ ബൂത്തിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 53 സീറ്റിൽ ജയം ബിജെപിക്ക്. എസ്പിയും ബിഎസ്പിയും രണ്ടുവീതം സീറ്റും ആർഎൽഡി ഒരു സീറ്റുംനേടി. എസ്പി–ആർഎൽഡി സഖ്യത്തിൽ മത്സരിച്ചിട്ടും കോൺഗ്രസിന് ഒരു സീറ്റും കിട്ടിയില്ല. 2012ൽ കോൺഗ്രസിന് അഞ്ച് സീറ്റുണ്ടായിരുന്നു.
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ പടിഞ്ഞാറൻ യുപിയിലെ 16 ലോക്സഭാ മണ്ഡലത്തിൽ അഞ്ചിടത്ത് എസ്പി–- ബിഎസ്പി സഖ്യത്തിന് ജയിക്കാനായി. എന്നാൽ, സഖ്യത്തിന്റെ ഭാഗമായിരുന്ന ആർഎൽഡി മത്സരിച്ച മൂന്നിടത്തും തോറ്റു. ജാട്ടുകൾക്ക് ആധിപത്യമുള്ള മേഖലയായി പൊതുവിൽ വിശേഷിക്കപ്പെടുമെങ്കിലും ദളിത് ജാട്ടവ്–- മുസ്ലിം വോട്ടുകളും ഇവിടെ നിർണായകം. ജാട്ട് വോട്ടുകൾക്കൊപ്പം ദളിത് വോട്ടുകളും സമാഹരിച്ചാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ബിജെപി മുന്നിലെത്തിയത്. കർഷകസമരത്തിന്റെയും മറ്റും പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വ്യത്യസ്തമാണ്. ജാട്ടുകളിൽ നല്ലൊരു പങ്ക് ബിജെപിക്ക് എതിരായി.
ഭരണവിരുദ്ധ വികാരം ശക്തം
ഒബിസി അവകാശവാദം, കരിമ്പ് കർഷകരോടുള്ള അവഗണന, ഉയർന്ന വൈദ്യുതി നിരക്ക്, ഇന്ധന വിലവർധന, തൊഴിലില്ലായ്മ തുടങ്ങി നിരവധിയായ പ്രശ്നങ്ങളും ജാട്ട് വിഭാഗങ്ങൾ ഉയർത്തുന്നു. ന്യൂനപക്ഷ വോട്ടുകൾ എസ്പി–- ബിഎസ്പി-കോൺഗ്രസ് പാർടികളിലായി ചിതറാറുണ്ടെങ്കിലും ഇക്കുറി എസ്പി-ആർഎൽഡി സഖ്യത്തിനൊപ്പം അടിയുറച്ച സ്ഥിതിയാണ്. എന്നാൽ, ‘ജാദവ’ വോട്ടുകളുടെ ഒഴുക്ക് ഏത് ദിശയിലെന്നത് പ്രവചനാതീതം. ഈ വോട്ടുകൾ നേടാമെന്ന് ബിജെപി പ്രതീക്ഷിച്ചിരുന്നെങ്കിലും മായാവതി രംഗത്തിറങ്ങിയതോടെ സാധ്യത മങ്ങി. ജാതി-മത സമവാക്യങ്ങൾ മാറ്റിനിർത്തിയാലും യോഗി സർക്കാരിനെതിരായ ഭരണവിരുദ്ധവികാരം പടിഞ്ഞാറൻ യുപിയിൽ ശക്തം.
ഇത് എസ്പി-ആർഎൽഡി സഖ്യത്തിന് അനുകൂലമായ വോട്ടായാൽ ബിജെപിക്ക് അടിതെറ്റും. മന്ത്രിമാരടക്കം പല മണ്ഡലത്തിലും ബിജെപി സ്ഥാനാർഥികൾക്കെതിരായി ഉയരുന്ന പ്രതിഷേധം ഇതിന്റെ സൂചനയായി കാണാം.
‘എസ്പി-ആർഎൽഡി സഖ്യം വരും’
മീററ്റിനടുത്ത് രത്തൻപുരയിലെ ചായക്കടക്കാരൻ ഗംഗാറാം ഫോട്ടോ: കെ എം വാസുദേവൻ
ഇത്തവണ എസ്പി-ആർഎൽഡി സഖ്യത്തിന് വിജയം ഉറപ്പാണെന്നാണ് മീററ്റിനടുത്ത് രത്തൻപുരയിലെ ചായക്കടക്കാരൻ ഗംഗാറാമിന്റെ ഉറച്ചവിശ്വാസം. കോവിഡ് നാടിനെ ഉലച്ചു. ചികിത്സയോ വഴിമുട്ടിപ്പോയ ജനങ്ങൾക്ക് പിന്തുണയോ ഉറപ്പാക്കാൻ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാരിനായില്ല.
വികസന വായ്ത്താരികളുണ്ടെങ്കിലും സാധാരണക്കാർക്ക് സഹായകരമായ ഒരു നടപടിയുമില്ല. ജനങ്ങൾക്ക് ദുരിതം തന്നെയാണ്.
മാറ്റമുണ്ടാകുമെന്ന ഉറപ്പിന്റെ കാരണം- ഗംഗാറാം പറഞ്ഞു. എന്നാൽ, ചായക്കടയ്ക്കു സമീപം വെയിൽ കാഞ്ഞിരുന്ന നരേഷും സുഹൃത്തും ബിജെപി ഭരണം നിലനിർത്തുമെന്ന പ്രതീക്ഷയിലാണ്. ഇരുവരും ഗുജ്ജർ വിഭാഗക്കാരാണ്.