ന്യൂഡൽഹി > വോട്ടെടുപ്പിനു രണ്ടാഴ്ചമാത്രം ശേഷിക്കെ പഞ്ചാബിൽ കോൺഗ്രസ് നേതാക്കൾ പല വഴിക്ക്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടങ്ങളിൽ കോൺഗ്രസിനു ഭരണമുള്ള ഏക സംസ്ഥാനമായ പഞ്ചാബിൽ കലഹം ശമിപ്പിക്കാൻ ഹൈക്കമാൻഡിനും കഴിയുന്നില്ല. മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി, പിസിസി പ്രസിഡന്റ് നവ്ജോത്സിങ് സിദ്ദു, മുൻ പിസിസി പ്രസിഡന്റ് സുനിൽ ഝാക്കർ, മുൻകേന്ദ്രമന്ത്രി മനീഷ് തിവാരി എന്നിവർ പ്രതികരണയുദ്ധം തുടരുന്നു. മുൻ മുഖ്യമന്ത്രി അമരീന്ദർസിങ് ബിജെപിയുമായി സഖ്യമായി.
താളത്തിനു തുള്ളുന്ന മുഖ്യമന്ത്രിയാണ് മുകളിലുള്ളവർക്ക് വേണ്ടതെന്ന് സിദ്ദു കഴിഞ്ഞദിവസം അമൃത്സറിൽ പ്രചാരണയോഗത്തിൽ പറഞ്ഞു. സംസ്ഥാനത്ത് മാഫിയഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ദു മുഖ്യമന്ത്രി ചന്നിക്കെതിരെ ഒളിയമ്പെയ്തു. സിദ്ദുവിനെപ്പോലുള്ള മുഖ്യമന്ത്രിയാണ് വേണ്ടതെന്ന് സദസ്സിനെക്കൊണ്ട് അദ്ദേഹം വിളിപ്പിക്കുകയും ചെയ്തു.
അമരീന്ദറിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയപ്പോൾ ഭൂരിപക്ഷം എംഎൽഎമാരും തന്നെയാണ് പിന്തുണച്ചതെന്ന് ഝാക്കർ പറഞ്ഞതിനു പിന്നാലെയാണിത്. കഴിഞ്ഞവർഷം സിദ്ദുവിന്റെ നേതൃത്വത്തിൽ നടന്ന കലാപമാണ് അമരീന്ദറിനെ നീക്കുന്നതിലേക്ക് എത്തിയത്.
ഞായറാഴ്ച ലുധിയാന കേന്ദ്രീകരിച്ച് നടക്കുന്ന വെർച്വൽ റാലിയിൽ രാഹുൽ ഗാന്ധി മുഖ്യമന്ത്രിസ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നാണ് എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് അറിയിച്ചിട്ടുള്ളത്. ഇതിനിടെ, തന്നെ കോൺഗ്രസ് താരപ്രചാരകരുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയതിനെതിരെ മനീഷ് തിവാരി എംപി പരസ്യമായി പ്രതികരിച്ചു. മറിച്ച് സംഭവിച്ചാലാണ് അത്ഭുതമെന്ന് തിവാരി ട്വീറ്റ് ചെയ്തു. കോൺഗ്രസിലെ പരിതാപകരമായ സ്ഥിതിയുടെ പ്രതിഫലനമാണ് തിവാരിയുടെ ഒഴിവാക്കലെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൻ അഭിജിത് മുഖർജി പറഞ്ഞു.
ചന്നിക്ക് രണ്ട് സീറ്റിൽ മത്സരിക്കാൻ അനുമതി നൽകിയതുവഴി ഹൈക്കമാൻഡ് അദ്ദേഹത്തെയാണ് പിന്തുണയ്ക്കുന്നതെന്ന് സൂചന നൽകിയിട്ടുണ്ട്. പ്രചാരണത്തിൽ ആംആദ്മി പാർടിയെ അപേക്ഷിച്ച് പിന്നിലാണ് കോൺഗ്രസ്. 20നാണ് വോട്ടെടുപ്പ്.