കൊച്ചി > കിഴക്കമ്പലത്ത് പൊലീസിനുനേരെയുണ്ടായ കലാപത്തിൽ പ്രതികളായി ജയിലിൽ കഴിയുന്നവരുടെ ജാമ്യത്തിന് കിറ്റെക്സ് തൊഴിലാളികൾ പണപ്പിരിവ് നടത്തുന്നു. ഒരുമാസത്തിലേറെയായി ജയിലിൽ കഴിയുന്ന 174 അതിഥിത്തൊഴിലാളികളെ കമ്പനി ഉടമയും കൈവിട്ടതോടെയാണ് മറ്റ് തൊഴിലാളികൾ പണം സമാഹരിക്കാനിറങ്ങിയത്.
പ്രതികളെ ജാമ്യത്തിലിറക്കാനും നിയമസഹായം ഏർപ്പാടാക്കാനും വൻ പണച്ചെലവുണ്ടാകുമെന്ന് കണ്ടതോടെയാണ് ഉടമ സാബു ജേക്കബ് തൊഴിലാളികളെ തള്ളിപ്പറഞ്ഞ് തടിയൂരിയത്. യഥാർഥ പ്രതികൾ 24 പേർമാത്രമാണെന്നും അറസ്റ്റിലായ മറ്റുള്ളവർ നിരപരാധികളാണെന്നുമാണ് നേരത്തേ സാബു അവകാശപ്പെട്ടിരുന്നത്. പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനും രണ്ട് കേസുകളാണ് പൊലീസ് എടുത്തിട്ടുള്ളത്. 51 പേർ രണ്ട് കേസിലും പ്രതികളാണ്. നശിപ്പിച്ച പൊതുമുതലിന്റെ മൂല്യത്തിനുതുല്യമായ തുക കെട്ടിവച്ചാലാണ് പ്രതികൾക്ക് ജാമ്യം ലഭിക്കുക.
12 ലക്ഷത്തോളം രൂപയുടെ പൊതുമുതലാണ് നശിപ്പിച്ചിട്ടുള്ളത്. ഇത്രയും തുക കെട്ടിവയ്ക്കാനില്ലാത്തതിനാൽ പ്രതികളാരും ഇതുവരെ ജാമ്യാപേക്ഷ നൽകിയിട്ടില്ല. അസം, മണിപ്പുർ, ബിഹാർ, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള നിർധനതൊഴിലാളികളാണ് എല്ലാവരും. കിറ്റെക്സിലും തുച്ഛമായ കൂലിക്കാണ് ഇവർ ജോലി ചെയ്തിരുന്നത്. പ്രതികളുടെ ജാമ്യത്തിന് സഹായം നൽകാൻ ആലോചിക്കുന്നില്ലെന്ന് കഴിഞ്ഞദിവസം സാബു ജേക്കബ് പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കമ്പനിയിലെ മറ്റ് അതിഥിത്തൊഴിലാളികൾ ജയിലിൽ കഴിയുന്നവരെ സഹായിക്കാൻ പണപ്പിരിവ് തുടങ്ങിയത്.
90 ദിവസം കഴിഞ്ഞാൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം കിട്ടും. അതിനുമുമ്പ് കുറ്റപത്രം നൽകി കോടതിനടപടികളിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് പ്രത്യേക അന്വേഷകസംഘം. അങ്ങനെവന്നാൽ കേസ് തീരുന്നതുവരെ പ്രതികൾ ജയിലിൽ കഴിയേണ്ടിവരും. അതേസമയം, കേസിൽ ഇതരസംസ്ഥാനങ്ങളിലെ ചില ക്രിസ്ത്യൻ സംഘടനകളെ ഇടപെടുവിക്കാൻ സാബു ശ്രമിക്കുന്നുണ്ട്. തൊഴിലാളികളെ ഏറെയും ഇത്തരം സംഘടനകൾ വഴിയാണ് കിറ്റെക്സിലേക്ക് റിക്രൂട്ട് ചെയ്തിട്ടുള്ളത്.
അതിഥിത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നത് അന്തർസംസ്ഥാന വിഷയമായി മാറുമെന്ന് സാബു പറഞ്ഞിരുന്നു. കേരളത്തിലും പ്രവർത്തിക്കുന്ന ചില സംഘടനകളെ ഇളക്കിവിട്ട് സമ്മർദമുണ്ടാക്കാനാണ് ശ്രമം. ജയിലിൽ കഴിയുന്ന തൊഴിലാളികളെ കമ്പനി ഉടമ കൈവിട്ടതിനെതിരെയും ചില സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്. തൊഴിലാളികൾക്ക് നിയമസഹായം ലഭ്യമാക്കാൻപോലും ഉടമ ശ്രമിക്കാത്തതിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് പ്രൊഗ്രസീവ് വർക്കേഴ്സ് ഓർഗനൈസേഷൻ എന്ന സംഘടന കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.