വാസ്കോ
തകർപ്പൻ പ്രകടനത്തോടെ ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയവഴിയിൽ തിരിച്ചെത്തി. നോർത്ത് ഈസ്റ്റ് യുണെെറ്റഡിനെ 2–1ന് കീഴടക്കി. ജോർജ് ഡയസിന്റെ ഗോളിൽ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സ് അൽവാരോ വാസ്കസിന്റെ അതിമനോഹര ഗോളിൽ ജയമുറപ്പിച്ചു. ആയുഷ് അധികാരി രണ്ട് മഞ്ഞക്കാർഡ് വഴങ്ങി പുറത്തായതിനെത്തുടർന്ന് പത്തുപേരുമായാണ് ബ്ലാസ്റ്റേഴ്സ് കളി അവസാനിപ്പിച്ചത്. 13 കളിയിൽ 23 പോയിന്റുമായി രണ്ടാംസ്ഥാനത്തേക്ക് കയറി ഇവാൻ വുകോമനോവിച്ചിന്റെ സംഘം. 14 കളിയിൽ 26 പോയിന്റുള്ള ഹെെദരാബാദ് എഫ്സിയാണ് പട്ടികയിൽ മുന്നിൽ.
നോർത്ത് ഈസ്റ്റിനെതിരെ തുടക്കത്തിൽ താളം കണ്ടെത്താൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. എല്ലാ ഗോൾ ശ്രമങ്ങളും ബോക്സിന് പുറത്തുനിന്നായിരുന്നു. ലോങ് റേഞ്ച് ഷോട്ടുകളൊന്നും ലക്ഷ്യത്തിലേക്ക് പോയില്ല. ആദ്യപകുതിക്ക് തൊട്ടുമുമ്പാണ് കളിയിലെ മികച്ച നീക്കമുണ്ടായത്. അഡ്രിയാൻ ലൂണയുടെ കൃത്യതയുള്ള കോർണർ കിക്കിൽ ജീക്സൺ സിങ് ശക്തിയായി തലവച്ചെങ്കിലും പന്ത് ക്രോസ്ബാറിൽ തട്ടിത്തെറിക്കുകയായിരുന്നു. അൽവാരോ വാസ്കസും ജോർജ് ഡയസും മുന്നേറ്റത്തിൽ മങ്ങി. ലൂണയ്ക്കും നല്ല നീക്കങ്ങൾ സൃഷ്ടിക്കാനായില്ല. സഹൽ അബ്ദുൾ സമദിന്റെ ക്രോസുകൾക്കും കൃത്യതയുണ്ടായില്ല. മറുവശത്ത് വി പി സുഹെെറിനും മാഴ്സെലീന്യോയ്ക്കും അവസരങ്ങൾ കിട്ടിയെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം തടഞ്ഞു.
രണ്ടാംപകുതിയുടെ തുടക്കത്തിലും കളി മാറിയില്ല. ഇക്കുറി ആയുഷ് അധികാരിയുടെ ഷോട്ട് ലക്ഷ്യമില്ലാതെ പറന്നു. ജോർജ് ഡയസിനും വാസ്കസിനും അവസരങ്ങൾ കിട്ടി. പക്ഷേ, നോർത്ത് ഈസ്റ്റ് തടഞ്ഞു. നിരന്തരമുള്ള മുന്നേറ്റങ്ങൾക്കൊടുവിൽ ബ്ലാസ്റ്റേഴ്സ് ലക്ഷ്യം കണ്ടു. ഡയസിന്റെ ഹെഡർ. ഹർമൻജോത് ഖബ്രയാണ് അവസരമൊരുക്കിയത്. ഖബ്രയുടെ ഹെഡർ ഡയസിന് തലയ്ക്കുപാകത്തിൽ കിട്ടി. പക്ഷേ, ആയുഷ് രണ്ടാം മഞ്ഞക്കാർഡ് വഴങ്ങി പുറത്തായത് തിരിച്ചടിയായി. എന്നാൽ, ഈ സീസണിലെ ഏറ്റവും മികച്ച ഗോളിലൂടെ വാസ്കസ് ബ്ലാസ്റ്റേഴ്സിനെ ഉയർത്തി. 55 വാര ദൂരെനിന്ന് വാസ്കസ് തൊടുത്ത മിന്നുന്ന ഷോട്ട് നോർത്ത് ഈസ്റ്റ് ഗോൾ കീപ്പർ സുഭാശിഷിനെ തളർത്തിക്കളഞ്ഞു. ഇർഷാദ് നോർത്ത് ഈസ്റ്റിന്റെ ആശ്വാസഗോൾ നേടി.
അവസാനകളിയിൽ ബംഗളൂരു എഫ്സിയോട് ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു. പത്ത് മത്സരങ്ങൾക്കുശേഷമുള്ള ഇവാൻ വുകോമനോവിച്ചിന്റെയും സംഘത്തിന്റെയും ആദ്യ തോൽവിയായിരുന്നു ഇത്. പത്തിന് ജംഷഡ്പുർ എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.














