ആന്റിഗ്വ
പിൻഗാമികൾ പിറക്കുന്നു. ബാറ്റിലും പന്തിലും ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ശോഭനം. കൗമാര ക്രിക്കറ്റിൽ ചരിത്രമെഴുതാൻ ഇന്ത്യ ഇന്നിറങ്ങുന്നു. ആന്റിഗ്വയിലെ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിൽ നടക്കുന്ന അണ്ടർ 19 ഏകദിന ക്രിക്കറ്റ് ഫൈനലിൽ ഇംഗ്ലണ്ടാണ് എതിരാളി. വൈകിട്ട് ആറരമുതൽ സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറി ലും തത്സമയം കാണാം.
ആധികാരിക ജയത്തോടെയാണ് ഇന്ത്യയുടെ എട്ടാം ഫൈനൽ പ്രവേശം. തുടർച്ചയായി നാലാമത്തേത്. നാലുതവണ ജേതാക്കളായപ്പോൾ മൂന്നുതവണ ഫൈനലിൽ തോറ്റു. കഴിഞ്ഞതവണ ബംഗ്ലാദേശാണ് തോൽപ്പിച്ചത്. ഇംഗ്ലണ്ട് 24 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കലാശപ്പോരിന് അർഹത നേടുന്നത്. 1998ൽ ജേതാക്കളായി.
ആഴമേറിയ ബാറ്റിങ് നിരയാണ് ഇന്ത്യയുടെ കരുത്ത്. വിക്കറ്റെടുക്കാൻ സ്പിൻ പടയുണ്ട്. കോവിഡ് ബാധിച്ച് ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും വിശ്രമിച്ചപ്പോഴും ടീം ജയിച്ചുകയറി. സെമിയിൽ ഓസ്ട്രേലിയയെ 96 റണ്ണിന് തോൽപ്പിച്ചപ്പോഴും ബാറ്റർമാർ റണ്ണൊഴുക്കി. ഓപ്പണർ അൻഗ്രിഷ് രഘുവൻഷി, ക്യാപ്റ്റൻ യാഷ് ദൂൽ, വൈസ് ക്യാപ്റ്റൻ ഷെയ്ഖ് റഷീദ്, രാജ് ബാവ എന്നിവർ ഫോമിലാണ്. പേസർമാരായ രവികുമാറിനും ഹംഗർഗേക്കർക്കും തുണയായി സ്പിന്നർമാരുണ്ട്. അഞ്ച് കളിയിൽ 12 വിക്കറ്റെടുത്ത വിക്കി ഒസ്ത്വാളാണ് തുരുപ്പ് ശീട്ട്. നിഷാന്ത് സിന്ധുവും നന്നായി പന്ത് തിരിക്കുന്നു.
ഇംഗ്ലണ്ടിന്റെ വിജയങ്ങളും ആധികാരികമായിരുന്നു. ക്യാപ്റ്റൻ ടോം പ്രിസ്റ്റ് മുന്നിൽനിന്ന് നയിക്കുന്നു. ബാറ്റിലും പന്തിലും തിളങ്ങി. യുഎഇക്കെതിരെ 154 റണ്ണടിച്ചു. ഓപ്പണർമാരായ ജോർജ് തോമസും ജേക്കബ് ബെതലും അടിത്തറയൊരുക്കാൻ മിടുക്കരാണ്. പുതിയ പന്തെടുക്കുന്ന ജോഷ്വ ബൈഡൻ അപകടകാരിയാണ്. അഞ്ച് കളിയിൽ 13 വിക്കറ്റുണ്ട്. സ്പിന്നർ രേഹൻ അഹമ്മദ് അവസാന രണ്ട് കളിയിലും നാല് വിക്കറ്റുവീതം വീഴ്ത്തി.