ബീജിങ്
ശൈത്യകാല ഒളിമ്പിക്സിന് ബീജിങ് നാഷണൽ സ്റ്റേഡിയത്തിൽ നിറപ്പകിട്ടാർന്ന തുടക്കം. ‘കിളിക്കൂട്’ സ്റ്റേഡിയത്തിൽ ചൈനീസ് കലാകാരന്മാർ വിരുന്നൊരുക്കിയപ്പോൾ പ്രസിഡന്റ് ഷി ജിൻപിങ് ഉദ്ഘാടനം ചെയ്തു.
മഞ്ഞിലും ഐസിലുമായി നടക്കുന്ന മത്സരങ്ങൾ 20 വരെ നീളും. 91 രാജ്യങ്ങളിൽനിന്നായി മൂവായിരത്തോളം കായികതാരങ്ങൾ അണിനിരന്നു. ഇന്ത്യയുടെ ഏക പ്രതിനിധി ആരിഫ് ഖാൻ ദേശീയ പതാകയേന്തി മാർച്ച്പാസ്റ്റിൽ പങ്കാളിയായി. ചൈനീസ് സംസ്കാരവും പ്രൊഫഷണൽ മികവും നിറഞ്ഞതായിരുന്നു ഉദ്ഘാടനച്ചടങ്ങ്. നൃത്തവും സംഗീതവും വെടിക്കെട്ടും സമ്പുഷ്ടമാക്കി. 2008ലെ ഒളിമ്പിക്സ് ചടങ്ങുകൾ ഒരുക്കിയ സംവിധായകൻ സാങ് യിമോയു ഇത്തവണയും നേതൃത്വം നൽകി. ഏഴ് സ്പോർട്സ് ഇനങ്ങളിൽ 15 വിഭാഗങ്ങളിലായി 109 മെഡൽ ജേതാക്കളെ 17 ദിവസത്തെ ഒളിമ്പിക്സ് നിർണയിക്കും.














