യോണ്ടെ
ആഫ്രിക്കൻ ഫുട്ബോളിലെ രണ്ട് സൂപ്പർസ്റ്റാറുകൾ നാളെ മുഖാമുഖം. ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോൾ ഫൈനലിൽ മുഹമ്മദ് സലായുടെ ഈജിപ്തും സാദിയോ മാനെയുടെ സെനെഗലും ഏറ്റുമുട്ടും. ഒലെംബെ സ്റ്റേഡിയത്തിൽ നാളെ രാത്രി പന്ത്രണ്ടരയ്ക്കാണ് കിരീടപ്പോരാട്ടം.ഷൂട്ടൗട്ടിലേക്ക് നീണ്ട സെമിയിൽ ആതിഥേയരായ കാമറൂണിനെ തോൽപ്പിച്ചാണ് ഈജിപ്ത് ഫൈനലിലെത്തിയത്. കാമറൂൺ മൂന്ന് കിക്കുകൾ പാഴാക്കിയപ്പോൾ 3––1നാണ് ഈജിപ്തിന്റെ വിജയം. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകൾക്കും ഗോളടിക്കാനായില്ല. ഷൂട്ടൗട്ടിൽ രണ്ട് കിക്കുകൾ രക്ഷപ്പെടുത്തിയ ഈജിപ്ത് ഗോളി മുഹമ്മദ് അബു ഗബലാണ് ഹീറോ. സിസോ, അബ്ദുൽ മോനം, മുഹനാദ് ലഷീൻ എന്നിവർ ഈജിപ്തിനായി ലക്ഷ്യം കണ്ടു. കാമറൂണിന്റെ വിൻസെന്റ് അബൂബക്കർ ഗോളടിച്ചു. ഡെസ്റ്റി മൗകൗഡി, ജയിംസ് സിലിക്കി എന്നിവരുടെ കിക്കുകൾ ഗോളി രക്ഷപ്പെടുത്തി. ക്ലിന്റൺ എൻജിയുടെ കിക്ക് പുറത്തു പോയി.
ഈജിപ്ത്തിന്റെ പത്താംഫൈനലാണ്. ഏഴുതവണ ജേതാക്കളായി. രണ്ടുതവണ റണ്ണറപ്പ്. 2017ലെ ഫൈനലിൽ കാമറൂണിനോടേറ്റ തോൽവിക്ക് മറുപടിയായി ഈ വിജയം.
ഇരുടീമുകളും 120 മിനിറ്റ് ഒപ്പത്തിനൊപ്പം പൊരുതി. കാമറൂൺ രണ്ടുതവണ ഗോളിനടുത്തെത്തി. മൈക്കൽ എൻഗഡിയുടെ ഹെഡ്ഡറും സാമുവൽ ഗൗട്ടിന്റെ ഷോട്ടും പോസ്റ്റിൽ തട്ടിത്തെറിച്ചു. മറുവശത്ത് കളി തീരാനിരിക്കെ റമദാൻ സോബി നൽകിയ ക്രോസ് വലയിലേക്ക് തൊട്ടിടാൻ ഈജിപ്ത് സ്ട്രൈക്കർമാർക്കായില്ല. പതിവ് ഫോമിലേക്കുയർന്ന് ഗോളടിക്കാൻ മുഹമ്മദ് സലായ്ക്കുമായില്ല. ബുർകിന ഫാസോയെ തോൽപ്പിച്ചാണ് സെനെഗൽ മൂന്നാംതവണ ഫൈനലിൽ കടന്നത്. 2002ലും 2019ലും കിരീടം നേടാനായില്ല.














