ഹൈദരാബാദ്
പ്രഥമ പ്രൈം വോളി ലീഗിന് ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി ഏഴിന് തുടക്കം. ആദ്യ മത്സരത്തിൽ ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്, കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ നേരിടും.
കലിക്കറ്റ് ഹീറോസ്, കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്, അഹമ്മദാബാദ് ഡിഫൻഡേഴ്സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്, ചെന്നൈ ബ്ലിറ്റ്സ്, ബംഗളൂരു ടോർപ്പിഡോസ്, കൊൽക്കത്ത തണ്ടർബോൾട്ട് എന്നീ ഏഴ് ടീമുകളാണ് മത്സരിക്കുന്നത്.
ആകെ 24 മത്സരങ്ങളാണുള്ളത്. എല്ലാ ടീമും ഓരോ തവണ പരസ്പരം മത്സരിക്കും. ലീഗ് റൗണ്ടിൽ ആദ്യ നാലിലെത്തുന്ന ടീമുകൾ സെമിഫൈനലിന് യോഗ്യത നേടും. ഇരുപത്തേഴിനാണ് ഫൈനൽ. കോവിഡ്–-19 പ്രതിരോധത്തിനുള്ള എല്ലാ സുരക്ഷാ നടപടികളും സ്റ്റേഡിയത്തിൽ ഒരുക്കിയതായി സംഘാടകർ പറഞ്ഞു. ഇന്ത്യൻ ദേശീയ ടീമിനെ അവസാന ടൂർണമെന്റിൽ നയിച്ച മിഡിൽ ബ്ലോക്കർ എം കാർത്തിക് ആണ് കൊച്ചിയുടെ നായകൻ. പരിചയസമ്പന്നനായ മിഡിൽ ബ്ലോക്കർ ദീപേഷ് കുമാർ സിൻഹ, അമേരിക്കയിൽനിന്നുള്ള അറ്റാക്കർമാരായ കോൾട്ടൺ കോവൽ, കോഡി കാൾഡ്വെൽ എന്നിവർ ടീമിന് കരുത്താകും. റെയ്സൺ ബെനറ്റ് റെബെല്ലോ, അബ്ദുൾ റഹിം, ടി ആർ സേതു, എറിൻ വർഗീസ്, ദർശൻ എസ് ഗൗഡ, സി വേണു, ബി എസ് അഭിനവ്, ജി എൻ ദുഷ്യന്ത്, പ്രശാന്ത് കുമാർ സരോഹ, എ ആഷാം എന്നിവരും ടീമിലുണ്ട്.
പരിചയസമ്പന്നനായ അറ്റാക്കർ അമിത് ഗുലിയ, സെറ്റർ വിപുൽ കുമാർ എന്നിവരാണ് ഹൈദരാബാദിന്റെ കരുത്ത്. വെനസ്വേലയിൽനിന്നുള്ള ലൂയിസ് അന്റോണിയോ ഏരിയാസ് ഗുസ്മാൻ (ഔൾറൗണ്ടർ), ക്യൂബയിൽനിന്നുള്ള ഹെന്റി ബെൽ (അറ്റാക്കർ) എന്നിവരുടെ സാന്നിധ്യവും ഹൈദരാബാദ് ടീമിന് മൂതൽക്കൂട്ടാകും. വി ഹരിഹരൻ, രോഹിത് കുമാർ, ജോർജ് ആന്റണി, ആനന്ദ് കെ, സുധീർ ഷെട്ടി, ഇ ജെ ജോൺ ജോസഫ്, പി വി ജിഷ്ണു, എസ് പ്രഫുൽ, എസ് വി ഗുരു പ്രശാന്ത് എന്നിവരും ടീമിലുണ്ട്.
മത്സരം സോണിയിൽ
പ്രൈംവോളി മത്സരങ്ങൾ സോണി ടെൻ 1, സോണി ടെൻ 2 (മലയാളം), സോണി ടെൻ 3 (ഹിന്ദി), സോണി ടെൻ 4 (തമിഴ്, തെലുങ്ക്) എന്നിവയിൽ തത്സമയം കാണാം. രാത്രി ഏഴിനാണ് മത്സരം.